c

മൺറോത്തുരുത്ത്: മൺറോത്തുരുത്ത് ഗ്രാമ പഞ്ചായത്തിൽ നെന്മേനി കിഴക്ക് വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥി അനുപമയെ മുൻ സി.പി.എം വനിതാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ മർദ്ദിച്ചെന്ന് പരാതി. അനുപമയെ കുണ്ടറ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അനുപമ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിൽ നിന്ന് മത്സരിച്ച് ഗ്രാമ പഞ്ചായത്തംഗമായിരുന്നു. കഴിഞ്ഞ മാസം മെമ്പറുടെ വാർഡിലെ പല റോഡ് വർക്കുകളും സി.പി.എം ഇടപെട്ട് തടയുന്നെന്നാരോപിച്ച് മെമ്പർ സ്ഥാനം രാജിവെച്ച് ബി.ജെ.പി.യിൽ ചേരുകയായിരുന്നു. ഇതിന്റെ പ്രതികാരമായാണ് കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം പുറത്തു വന്ന തന്നെ സി.പി.എം മുൻ മെമ്പർ സരളാമണിയുടെ നേതൃത്വത്തിൽ മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. അനുപമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കിഴക്കേക്കല്ലട പൊലീസ് കേസെടുത്തു.

ബി.ജെ.പി ധർണ

ബി.ജെ.പി വനിതാ സ്ഥാനാർത്ഥിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വെള്ളിമൺ ദിലീപ് , മണ്ഡലം പ്രസിഡന്റ് ബൈജു, ജനറൽ സെക്രട്ടറി സുരേഷ് ആറ്റുപുറത്ത്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി. സുദർശനൻ, സുനിൽ കുമാർ കണ്ണമ്പലം, ആർ. അജി, ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.