ചാത്തന്നൂർ: ചാത്തന്നൂർ - പരവൂർ റോഡിൽ നെടുങ്ങോലം കോട്ടേക്കുന്ന് അമ്പലത്തിനടുത്ത് കോട്ടേക്കുന്ന് വളവിൽ ജപ്പാൻ കുടിവെള്ള വിതരണ പൈപ്പ് ലൈൻ പൊട്ടുന്നത് പതിവാകുന്നു. മൂന്ന് മാസങ്ങൾക്കുള്ളിൽ ഇത് രണ്ടാം തവണയാണ് കുടിവെള്ള പൈപ്പ് ലൈൻ പൊട്ടുന്നത്. പരവൂർ പുത്തൻകുളം ടാങ്കുകളിലേക്ക് ജലം പമ്പ് ചെയ്യുന്ന അരമീറ്റർ വ്യാസമുള്ള പൈപ്പ് ലൈനിൽ നിന്നാണ് അമിതമായി വെള്ളം പുറത്തേക്കൊഴുകുന്നത്. താത്കാലികമായി പമ്പിംഗ് നിറുത്തിവെച്ച് പരിശോധിച്ചാൽ മാത്രമേ വെള്ളം പുറത്തേക്ക് ഒഴുകുന്നത് എന്ത് കാരണത്താലാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. വെള്ളത്തിന്റെ പ്രഷർ കുറക്കുന്നതിനായി പമ്പിംഗ് സിംഗിൾ മോട്ടോറിലേക്ക് മാറ്റിയെന്നും പൂതക്കുളം പരവൂർ മേഖലയിൽ കുടിവെള്ളക്ഷാമം ഉണ്ടാകാത്ത രീതിയിൽ തിങ്കളാഴ്ചയോടെ പൈപ്പ് ലൈൻ അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
കുടിവെള്ള വിതരണം മുടങ്ങും
ചാത്തന്നൂർ: മീനാട് - ജപ്പാൻ കുടിവെള്ള വിതരണ പദ്ധതിയുടെ ചാത്തന്നൂർ - പരവൂർ റോഡിലെ പ്രാധാന ട്രാൻസ്മിഷൻ ലൈനിൽ കോട്ടേകുന്ന് ക്ഷേത്രത്തിന് സമീപം അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിനായി പമ്പിംഗ് നിറുത്തിവെയ്ക്കേണ്ടി വരുന്നതിനാൽ 23ന് മീനാട് - ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്ന് ശുദ്ധജല വിതരണം നടക്കില്ലെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.