pho
കൊല്ലം-തിരുമംഗലം ദേശീയ പതയിലെ തെന്മല എം.എസ്.എൽ ഭാഗത്തെ പാതയോരത്ത് പുതിയ പാർശ്വഭിത്തി നിർമ്മിച്ചതിൻെറ സമീപത്തെ കൂറ്റൻ കൊക്ക.

പുനലൂർ:കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ തെന്മല എം.എസ്.എൽ ഭാഗത്ത് വീണ്ടും അപകടക്കെണി.എം.എസ്.എല്ലിലെ ഇടുങ്ങിയ പാതയോരത്ത് പുതിയ പാർശ്വഭിത്തിയുടെ നിർമ്മാണം പൂർത്തിയാക്കി ക്രാഷ്ബാരിയർ സ്ഥാപിച്ചെങ്കിലും ശേഷിക്കുന്ന കിഴക്കും, പടിഞ്ഞാറുമുളള രണ്ട് ഭാഗങ്ങാണ് അപകടക്കെണിയായിരിക്കുന്നത്. രണ്ട് വർഷം മുമ്പ് പെയ്ത കനത്ത മഴയിൽ എം.എസ്.എല്ലിലെ ഇടുങ്ങിയ പാതയോരം ഒലിച്ച് പോയി.ഒരു മാസത്തോളം ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചിരിയ്ക്കുകയായിരുന്നു. പിന്നീട് പാതയോരത്ത് താത്ക്കാലികമായി മൺ ചാക്ക് അടുക്കി ബലപ്പെടുത്തിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.

കരിങ്കല്ലിൽ തീർത്ത പാർശ്വഭിത്തി

പാതയോരത്ത് നിന്നും 200 അടി താഴ്ചയിലൂടെ ഒഴുകുന്ന കഴുതുരുട്ടി ആറ്റ് തീരത്ത് നിന്നും ഇരുമ്പ് വലക്കുള്ളിൽ കരിങ്കൽ അടുക്കിയാണ് പാർശ്വഭിത്തി കെട്ടി ഉയർത്തിയിരിക്കുന്നത്.ഇവിടെ കോൺക്രീറ്റ് ചെയ്ത പാർശ്വഭിത്തി പണിയാനായിരുന്നു അധികൃതർ ആദ്യം പദ്ധതിയിട്ടിരുന്നത്.എന്നാൽ ആറ്റ് തീരത്തെ കൂറ്റൻ പാറയിൽ നിന്നും കോൺക്രീറ്റ് നിർമ്മാണം ആരംഭിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് കരിങ്കൽ ഉപയോഗിച്ച് പുതിയ പാർശ്വഭിത്തിയുടെ നിർമ്മാണ ജോലികൾ പൂർത്തിയാക്കിയത്.

സംരക്ഷണ ഭിത്തി ഇല്ല

പുതിയ പാർശ്വഭിത്തിയുടെ കിഴക്കും പടിഞ്ഞാറുമുള്ള രണ്ട് വളവുകളിലെ കൂറ്റൻ കൊക്കകളോട് ചേർന്ന ഭാഗത്ത് സംരക്ഷണ ഭിത്തി ഇല്ലാത്തത് അപകടഭീഷണിയാണ്. നിർമ്മാണം പൂർത്തികരിച്ച പാർശ്വഭിത്തിക്കൊപ്പം സംരക്ഷണ ഭിത്തി കെട്ടി ബലപ്പെടുത്തിയിരുന്നെങ്കിൽ അപകട ഭീക്ഷണി ഒഴിവാക്കാമായിരുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നും ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന അന്തർ സംസ്ഥാന പാതയോരത്തെ അപകട ഭീക്ഷണി പരിഹരിക്കാൻ നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.