കൊല്ലം: മുഖത്തലയുടെ മുഖശ്രീയാകാൻ വനിതകൾ നടത്തുന്ന പോരാട്ടം ശ്രദ്ധ നേടുകയാണ്. സി.പി.എമ്മിന്റെ എസ്. സെൽവി, കോൺഗ്രസിന്റെ യു. വഹീദ, ബി.ജെ.പിയുടെ രൂപ ബാബു എന്നിവരാണ് മുഖത്തലയിലെ സ്ഥാനാർത്ഥികൾ. മയ്യനാട് പഞ്ചായത്തിലെ 23 വാർഡുകളും തൃക്കോവിൽവട്ടത്തെ 11 വാർഡുകളും ഉൾപ്പെടുന്നതാണ് മുഖത്തല ഡിവിഷൻ.
സി.പി.എം വെൺപാലക്കര ബ്രാഞ്ച് സെക്രട്ടറിയാണ് എസ്. സെൽവി. അഭിഭാഷകയായ യു. വഹീദ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. മഹിളാ മോർച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ് അഭിഭാഷകയായ രൂപ ബാബു. ബി.ജെ.പിക്കും കോൺഗ്രസിനും വേണ്ടി മഹിളാ സംഘടനകളുടെ സംസ്ഥാന നേതാക്കൾ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഇവിടെയുണ്ട്. മുഖത്തലയിൽ വികസന നേട്ടങ്ങളുണ്ടായെന്ന് ഇടത് മുന്നണി അവകാശപ്പെടുമ്പോൾ നേട്ടപ്പട്ടികയിൽ ഒന്നുമില്ലെന്ന നിലപാടിലാണ് യു.ഡി.എഫും ബി.ജെ.പിയും. സംസ്ഥാന -ദേശീയ രാഷ്ട്രീയ വിഷയങ്ങളും മുഖത്തലയിൽ സജീവ ചർച്ചയാക്കുകയാണ് മുന്നണികൾ. വിജയ തുടർച്ചയുണ്ടാകുമെന്ന് ഇടത് മുന്നണി പ്രതീക്ഷിക്കുമ്പോൾ അട്ടിമറി മുന്നേറ്റം നടത്തുമെന്നാണ് യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകരുടെ വിശ്വാസം.
2015ലെ വോട്ട് നില
എസ്.ഫത്തഹുദ്ദീൻ (സി.പി.എം): 21,188
കെ.ബി. ഷഹാൽ (കോൺഗ്രസ്): 12,224
മയ്യനാട് അജയൻ (ബി.ജെ.പി): 8,084