വായടഞ്ഞ കോളാമ്പികൾ മിണ്ടിത്തുടങ്ങുന്നു
കൊല്ലം: ഹലോ മൈക്ക് ടെസ്റ്റിംഗ്, ഹലോ, ഹലോ... മാസങ്ങളായി പൊടിയും മാറാലയും പിടിച്ചുകിടന്ന മൈക്ക് സെറ്റ് ഉപകരണങ്ങൾ തിരഞ്ഞെടുപ്പ് ചിത്രം ഇന്ന് തെളിയുന്നതോടെ മിണ്ടിത്തുടങ്ങും. കൊവിഡ് കുരുക്കിൽ കോളാമ്പികളുടെ വായടഞ്ഞത് മുതൽ മൈക്ക് സെറ്റ് ഓപ്പറേറ്റർമാരുടെ കുടുംബങ്ങളും പട്ടിണിയുടെ വക്കിലായിരുന്നു.
ഒൻപത് മാസമായി മുറിയിൽ പൊടിപിടിച്ചിരുന്ന മൈക്ക് സെറ്റുകളും മറ്റും പൊടി തട്ടിയെടുത്ത് അറ്റകുറ്റപ്പണികൾ തീർത്തുവയ്ക്കുന്ന തിരക്കിലാണ് ഉടമകളും തൊഴിലാളികളും. രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ലൈറ്റ് ആൻഡ് സൗണ്ട് ഉടമകളും ആയിരക്കണക്കിന് തൊഴിലാളികളും ദുരിതത്തിലായി. ഉത്സവങ്ങൾ, പെരുന്നാളുകൾ, വിവാഹമടക്കമുള്ള ആഘോഷങ്ങൾ, പൊതുയോഗങ്ങൾ, പ്രതിഷേധ പരിപാടികൾ, തുടങ്ങി ഉദ്ഘാടന മാമാങ്കങ്ങൾക്കടക്കം സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയ്ക്കും തിരിച്ചടിയായത്.
പലരും ബാങ്ക് ലോണടക്കം ഉപയോഗപ്പെടുത്തി ലക്ഷങ്ങളുടെ ഉപകരണങ്ങളാണ് വാങ്ങിയിരുന്നത്. ഉപജീവനം മുടങ്ങിയതോടെ പലരും കൃഷിയിലേക്കും തുണിക്കച്ചവടത്തിലേക്കും നിർമ്മാണ മേഖലയിലേക്കും ചേക്കേറി. മാസങ്ങളോളം ഉപയോഗിക്കാതിരുന്നതിനാൽ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് നശിച്ചത്. തദ്ദേശത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പുകൂടി എത്തുന്നതോടെ തരക്കേടില്ലാത്ത വരുമാനം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.
ക്ഷീണം മാറുമോയെന്ന് അശങ്ക
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇത്തവണ പഴയ പ്രതാപമുണ്ടാകില്ല. പൊതുയോഗവും റോഡ് ഷോകളുമില്ലാത്ത തിരഞ്ഞെടുപ്പ് ഒൻപത് മാസത്തെ ക്ഷീണം മാറ്റുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. വീടുകയറലും മറ്റും കുറഞ്ഞ സാഹചര്യത്തിൽ അനൗൺസ്‌മെന്റ് കൊഴുപ്പിക്കാമെന്നതാണ് പ്രതീക്ഷ. സ്ഥാനാർത്ഥി നിർണയം പൂർത്തിയായി പ്രചാരണം മുറുകുന്നതോടെ നല്ലനാളുകൾ സ്വപ്‌നം കാണുകയാണിവർ.
ജില്ലയിൽ
സ്ഥാപനങ്ങൾ: 1,500 ഓളം
തൊഴിലാളികൾ: 4,500
''
പത്തും പന്ത്രണ്ടും പേർ ഒരു ദിവസം പോലും ഒഴിവില്ലാതെ നേരത്തെ ജോലിചെയ്‌തിരുന്നു. എന്നാൽ കൊവിഡിൽ ജോലി ഇല്ലാതായി. തിരഞ്ഞെടുപ്പ് കാലമാണ് ഇനി പ്രതീക്ഷ.
രതീഷ്
നിവേദ്യം സൗണ്ട്സ് ഉടമ
''
വാഹന പ്രചാരണങ്ങളിൽ മാത്രമാണ് പ്രതീക്ഷ. കൂടുതൽ ദിവസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഗവർണർ, തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവർക്ക് നിവേദനം നൽകി.
പി.എച്ച്. ഇക്‌ബാൽ
കേരള ലൈറ്റ് ആൻഡ് സൗണ്ട്‌സ് വെൽഫെയർ അസോ. സംസ്ഥാന ട്രഷറർ