കൊല്ലം: നഗരത്തിലെ തീപിടിത്ത ദുരന്തങ്ങളൊഴിവാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ നിർദ്ദേശാനുസരണം നഗരഹൃദയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഒരു ഡസനോളം വാട്ടർഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കും. കൂടുതൽ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തിൽ ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കുന്നത്. ചിന്നക്കട, കോൺവെന്റ് റോഡ്, പായിക്കട, ജില്ലാ ആശുപത്രി, ചാമക്കട, ജെറോം നഗർ, ഹൈസ്കൂൾ ജംഗ്ഷൻ, ബീച്ച് റോഡ്, താമരക്കുളം, കല്ലുപാലം തുടങ്ങിയ സ്ഥലങ്ങളിൾ ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കാനാണ് ആലോചന. ഇതിനായി വാട്ടർ അതോറിട്ടി എൻജിനിയർമാരുടെ നേതൃത്വത്തിൽ സ്ഥലങ്ങൾ കണ്ടെത്തി പദ്ധതിക്കാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന്റെഅംഗീകാരത്തിനായി സമർപ്പിച്ചു. എസ്റ്റിമേറ്റ് അംഗീകരിച്ചാൽ ടെൻഡർ നടപടി പൂർത്തിയാക്കി ഫയർ ഹൈഡ്രന്റുകളുടെ നിർമ്മാണം ആരംഭിക്കും.
എന്താണ് ഫയർ ഹൈഡ്രന്റ്
തീ കെടുത്താനാവശ്യമായ വെള്ളം പമ്പ് ചെയ്യാനുള്ള കൂറ്റൻ പൈപ്പും വാൽവും ഉൾപ്പെടെയുള്ള സംവിധാനമാണിത്. വാട്ടർ അതോറിട്ടിയുടെ ഓവർ ഹെഡ് ടാങ്കിൽ നിന്നോ നഗരത്തിലെ ഏതെങ്കിലും ജലസ്രോതസുകളിൽ നിന്നോ ആകും ഇതിനാവശ്യമായ വെള്ളം പമ്പ് ചെയ്യുന്നത്. ഫയർഫോഴ്സിന്റെ ഹോസ് കണക്ട് ചെയ്ത് വാൽവ് തുറന്നാൽ ആവശ്യമുള്ള സ്ഥലത്തേക്ക് വെള്ളം പമ്പ് ചെയ്യാനും തീ പിടിത്തം വൻദുരന്തങ്ങൾക്കിടയാക്കാതെ ഞൊടിയിടയിൽ നിയന്ത്രണ വിധേയമാക്കാനും കഴിയുമെന്നതാണ് പ്രത്യേകത.
പ്രധാന നേട്ടങ്ങൾ
കടകളും വ്യാപാരസ്ഥാപനങ്ങളും തിങ്ങിനിറഞ്ഞ സ്ഥലങ്ങളിലും ഫയർ എൻജിൻ കടന്നുവരാൻ കഴിയാത്ത മേഖലകളിലും ഫയർ ഹൈഡ്രന്റിൽ നിന്നുള്ള ജലം ഉപയോഗിച്ച് തീ കെടുത്താം. വലിയ തീപിടിത്തങ്ങളുണ്ടാകുമ്പോൾ തീകെടുത്തുന്നതിനിടെ വെള്ളം തീർന്നാൽ ഫയർഫോഴ്സിന്റെ വാട്ടർ ടെന്ററുകൾ (ടാങ്കോട് കൂടിയ വാഹനങ്ങൾ) പോയി വീണ്ടും വെള്ളവുമായി മടങ്ങിവരുന്നത് വരെ കാത്തിരുന്ന് സമയം നഷ്ടപ്പെടുത്തേണ്ട. ആവശ്യത്തിനനുസരിച്ചുള്ള വെള്ളം ഹൈഡ്രന്റ് വഴി ലഭ്യമാകുന്നതിനാൽ നിമിഷങ്ങൾക്കകം തീ കെടുത്താനാകും.
നഗരഹൃദയത്തിൽ ഒരു ഡസനോളം സ്ഥലത്താണ് ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജല അതോറിട്ടിയാണ് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചത്. എസ്റ്റിമേറ്റ് അംഗീകരിച്ചാൽ ഉടൻ അവ സ്ഥാപിക്കുമെന്നാണ് കരതുന്നത്.
ബി. ഹരികുമാർ, ജില്ലാ ഫയർ ഫോഴ്സ് ഓഫീസർ, കൊല്ലം