പത്തനാപുരം: കോടികൾ മുടക്കി വനാതിർത്തികളിൽ നിർമ്മിച്ച വൈദ്യുതിവേലികൾ പ്രവർത്തിക്കുന്നില്ല. വേലിയുടെ അനുബന്ധ സംവിധാനങ്ങൾ പലതും സ്വകാര്യവ്യക്തികൾ കൈക്കലാക്കിയതായും ആക്ഷേപം. പത്തനാപുരം വനം വകുപ്പ് റേഞ്ചിൽ കടശ്ശേരി,എലപ്പക്കോട്,വെളളംതെറ്റി, മുള്ളു മല,കറവൂർ എന്നീ മേഖലകളിൽ കോടികൾ മുടക്കിയാണ് വനം വകുപ്പ് വൈദ്യുതിവേലികൾ സ്ഥാപിച്ചത്.കാട്ടുമൃഗങ്ങളുടെ ശല്യത്തിന് പരിഹാരമാകാനാണ് വൈദ്യുതി വേലി സ്ഥാപിച്ചത്.കാടിനുളളിലെ ജനവാസമേഖലയ്ക്ക് ചുറ്റും വേലി നിർമ്മിക്കുകയും കമ്പികളിലേക്ക് വൈദ്യുതി കടത്തി വിടുന്നതിനായി ബാറ്ററികൾ സ്ഥാപിക്കുകയും ചെയ്തു. കമ്പികൾ വഴി കുറഞ്ഞ വോൾട്ടേജിൽ വൈദ്യുതികടത്തിവിട്ട് മൃഗങ്ങൾ തൊടുമ്പോൾ ചെറിയതോതിൽ ഷോക്ക് ഏൽക്കുന്നതുമാണ് പദ്ധതി. ക്രമേണ പ്രദേശത്തേക്ക് വന്യമൃഗങ്ങൾ വരാതിരിക്കുകയും കൃഷി സുഗമമായി ചെയ്യാനും സാധിക്കും. എന്നാൽ വേലി ദിവസങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്.
ബാറ്ററിയുടെ പോരായ്മയെന്ന് അധികൃതർ
വേലി പ്രവർത്തിക്കാത്തതിന് പിന്നിൽ ബാറ്ററിയുടെ പോരായ്മയാണെന്ന് അധികൃതർ പറയുന്നു. എന്നാൽ അദ്യ ദിവസങ്ങൾ വേലിയിലൂടെ പൂർണ തോതിൽ വൈദ്യുതി കടത്തിവിട്ടിരുന്നു.തുടർന്നാണ് ബാറ്ററി നഷ്ടമായ വിവരം അറിയുന്നത്. ഇതോടെ പദ്ധതി നടത്തിപ്പിൽ വൻ അഴിമതി നടന്നതായി പ്രദ്ദേശവാസികൾ പറയുന്നു.നിലവിൽ പകുതി ഭാഗത്ത് പോലും വൈദ്യുതി പ്രവാഹമില്ല.ഇത് കാരണം കാട്ടാന,കാട്ടുപോത്ത്,പന്നി ഉൾപ്പടെയുള്ള കാട്ടുമൃഗങ്ങൾ വീണ്ടും അതിർത്തി കടന്ന് എത്തുന്നുണ്ട്. പരാതിയുമായി നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
വൈദ്യുതി വേലികൾ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണം.
സമദ് പുന്നല(പൊതുപ്രവർത്തകൻ)
കാട്ടുമൃഗങ്ങൾ ഉണ്ടാക്കുന്ന നഷ്ടങ്ങൾക്ക് പരിഹാരം കാണാൻ അധികൃതർ വേഗത്തിൽ നടപടി സ്വീകരിക്കാൻ തയ്യാറാകണം.ഷൈജുപുന്നല (കോൺഗ്രസ് നേതാവ്)