കൊല്ലം: കൊവിഡ് കാലത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത്, വലത്, എൻ.ഡി.എ മുന്നണികളിലെ ചെറു പാർട്ടികൾക്ക് സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദച്ചൂട് കുറയുന്നില്ല. എൻ.ഡി.എയിലെ പ്രശ്നങ്ങളിൽ പലതും രഹസ്യ ഇടപെടലിലൂടെ തീർക്കുന്ന തിരക്കിലാണ് നേതാക്കൾ. ഇടത് മുന്നണിയിലെ എൻ.സി.പിക്ക് കോർപ്പറേഷനിൽ പോലും ഒരു സീറ്റ് കൊടുത്തില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതിനെതിരെ എൻ.സി.പി പ്രതിഷേധയോഗങ്ങളും ചേരുന്നുണ്ട്. ബാലകൃഷ്ണപിള്ളയുടെ പാർട്ടിയും ജനതാദള്ളും അർഹതപ്പെട്ട സീറ്റുകൾ ലഭിച്ചില്ലെന്ന് പരാതിപ്പെട്ട് ഇടതുപക്ഷ കൺവെൻഷൻ ബഹിഷ്‌കരിച്ചു. സംസ്ഥാന ഭാരവാഹികൾ എൻ.സി.പിയോട് പറഞ്ഞിരിക്കുന്നത് ക്ഷമയോടെ കാത്തിരിക്കണമെന്നാണ്. എന്നാൽ മുന്നണി മര്യാദ പാലിക്കപ്പെടുന്നില്ലെന്നാണ് കൊല്ലത്തെ എൻ.സി.പിയുടെ പരാതി. ഒരു സീറ്റ് പോലും കിട്ടാത്തതിനാൽ ഇടതുപക്ഷത്തിനൊപ്പം പ്രചാരണത്തിന് കൂടാതെ മാറി നിൽക്കുകയാണിവർ. 42 കൊല്ലമായി കൂടെനിന്നിട്ടും ഇന്നലെ വന്ന ജോസ്.കെ. മാണിയോട് മാത്രം പുത്തനച്ചിനയം കാട്ടിയത്ത് കടുത്ത വഞ്ചനയാണെന്നാണ് ചെറുകക്ഷികളിൽ പലരുടെയും പരാതി.
കോൺഗ്രസിൽ സ്ഥാനാർത്ഥികളെ നിർണയിക്കാൻ പ്രത്യേക സമിതി തന്നെയുണ്ട്. 1,400 വാർഡുകളിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. ഇതിൽ പ്രത്യേക സമിതി നേതാവിന്റെ സ്വന്തം പഞ്ചായത്തിലടക്കമുള്ള 12 ഇടത്ത് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ കെ.പി.സി.സിയുടെ തിരഞ്ഞെടുപ്പ് സമിതി വെട്ടി. ഗ്രൂപ്പുപോരിൽ വീതംവച്ച് ഒരു വിധം തട്ടിക്കൂട്ടിയ ലിസ്റ്റാണ് അവസാന നിമിഷം പൊളിക്കാൻ പറയുന്നത്. 1,388 സീറ്റിൽ പ്രശ്‌നമില്ല. 12 സീറ്റിൽ ചിഹ്നം കൊടുക്കാൻ പറഞ്ഞാൽ ഇനിയെന്തു ചെയ്യും. ആർ.എസ്.പിക്കാരും കുറേ അനുഭവിച്ചു. ഒടുവിൽ തിരഞ്ഞെടുപ്പ് സമിതി ഘടകകക്ഷികൾക്കുള്ളതൊക്കെ മാറ്റി ചിഹ്നം കൊടുത്തു. ഇനിയും ചിഹ്നത്തിനായി നടക്കുന്നവർ ഒരുപാടുണ്ട്. നേരത്തേ ചിഹ്നം ലഭിച്ചവർ ഇതിനകം തന്നെ അത് വരാണാധികാരിക്ക് നൽകുകയും ചെയ്തു. 23ന് പത്രിക പിൻവലിക്കുന്ന ദിവസം ബാക്കി കാഴ്ചകൾ കാണാം.