viswanadhan

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിൽ നിന്നിറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബി.ജെ.പി സ്ഥാനാർത്ഥി ചികിത്സയ്ക്കിടെ ആശുപത്രിയിൽ മരിച്ചു. പന്മന പഞ്ചായത്തിലെ പറമ്പിമുക്ക് അഞ്ചാം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥി പന്മന വടക്കുംതല നെല്ലിപ്പറമ്പിൽ വീട്ടിൽ വിശ്വനാഥനാണ് (62) മരിച്ചത്.

ഇന്നലെ രാവിലെ എട്ടോടെ പ്രചാരണത്തിനായി വീട്ടിൽ നിന്നിറങ്ങിയപ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹം തിരികെ വീട്ടിൽ കയറി പാർട്ടി പ്രവർത്തകരെ ഫോണിൽ വിവരം അറിയിച്ചു. ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു മരണം. കൊവിഡ് പരിശോധനകൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: സതി. മക്കൾ: വിപിൻ, വിനു, വിജി. മരുമകൾ: ആര്യ.