dog
dog

കൊട്ടാരക്കര: നാട് കീഴടക്കിയിരിക്കുകയാണ് ഒരു കൂട്ടം തെരുവ് നായ്ക്കൾ. കഴിഞ്ഞ ദിവസം രാത്രിയിൽ പുലമൺ പ്രൈവറ്റ് ബസ് സ്റ്റേഷൻ പരിസരത്തും എൽ.ഐ.സി കോംപൗണ്ടിലുമായി മുപ്പതോളം പേരെയാണ് തെരുവുനായ കടിച്ച് പരിക്കൽപ്പിച്ചത്. കൊട്ടാരക്കര പബ്ളിക് മാർക്കറ്റ്, ചന്തമുക്ക്, പൊലീസ് സ്റ്റേഷൻ പരിസരം,റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ, കോളേജ് ജംഗ്ഷൻ തുടങ്ങി മിക്ക പ്രദേശങ്ങളിലും തെരുവ് നായ്ക്കൾ കൂട്ടംകൂട്ടമായി നടക്കുകയാണ്.

പദ്ധതികൾ ഫലം കണ്ടില്ല

കൊവിഡ് വ്യാപനത്തെ തുടർന്ന് ഹോട്ടലുകളുടെയും സ്കൂളുകളുടെയും പ്രവർത്തനം നിലച്ചതോടെ പട്ടിണിയിലായ നായ്കൾ കാണുന്നവരെയൊക്കെ ആക്രമിക്കുകയും വീടുകളിൽ കടന്ന് ചെന്ന് കോഴികളെയും വളർത്ത് മൃഗങ്ങളെയും ആക്രമിക്കുന്ന സംഭവങ്ങളും കുറവല്ല. തെരുവുനായ്ക്കളുടെ ഉപദ്രവം ഇല്ലാതാക്കാൻ ത്രിതല പഞ്ചായത്തുകൾ പല പദ്ധതികളും നടപ്പാക്കിയെങ്കിലും ഫലം കണ്ടിട്ടില്ല. തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവർക്കായി പ്രത്യേക ധന സഹായ പദ്ധതി ഉണ്ടെങ്കിലും മിക്കവർക്കും ഇതേ കുറിച്ച് അറിയില്ല.ജസ്റ്റിസ് സിരി ജഗൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സഹായം നൽകുന്നത്. തെരുവുനായ്ക്കളുടെ കടിയേറ്റവർ നഗരസഭയിലോ,​ പഞ്ചായത്തിലോ,​ ധന സഹായത്തിന് അപേക്ഷിച്ചാൻ മതിയാകും. തെരുവുനായ്കളെ വന്ധ്യം കരിക്കാനുള്ള പദ്ധതിയുണ്ടെങ്കിലും ഇപ്പോൾ പ്രവർത്തനം നിലച്ച മട്ടിലാണ്.