കുളത്തൂപ്പുഴ:അരിപ്പ സർക്കാർ ഭൂമിയിൽ കുടിൽകെട്ടുന്നതിനിടെയുളള തർക്കത്തിൽ അയൽവാസിയെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയെ പൊലീസ് പിടികൂടി. എരുമേലി പന്തപ്ലായ്ക്കൽ വീട്ടിൽ അശോകൻ(39) ആണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്. റാന്നി സ്വദേശി മണിയനാണ് വെട്ടേറ്റത്. കഴിഞ്ഞ ജൂൺ 16നായിരുന്നു സംഭവം. സമരഭൂമിയിൽ കുടിൽകെട്ടുന്നതിനിടയിൽ ഇരുവരും തമ്മിൽ സംഘർഷമുണ്ടാവുകയും മണിയനെ വെട്ടിപരിക്കേൽപ്പിക്കുകയുമായിരുന്നു. കൂട്ടുപ്രതിയായ അശോകന്റ ഭാര്യപിതാവ് കുഞ്ഞുമോനെ(50) പൊലീസ് അന്നുതന്നെ പിടികൂടിയെങ്കിലും അശോകൻ ഒളിവിലായിരുന്നു. എരുമേലിയിലുണ്ടെന്ന് രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് കുളത്തൂപ്പുഴ എസ്.ഐ. എൻ.അശോക് കുമാർ,സി.പി.ഒ.സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം എരുമേലിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. അരിപ്പസമരഭൂമിയിൽ എത്തിച്ച് തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.