കൊട്ടാരക്കര: കൊവിഡ് വ്യാപനത്തിൽ ജീവിതം വഴിമുട്ടിയ ഒട്ടേറെപ്പേരുണ്ട്. അതിൽ ഏറ്റവുമധികം പ്രതിസന്ധിയിലായത് ചെറുകിട തൊഴിലാളികളാണ്. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാനാവാതെ ദുരിതത്തിലായിരിക്കുന്നത്. നിർമ്മാണ മേഖല സ്തംഭിച്ചതോടെ അനുബന്ധ മേഖലകളായ ഇഷ്ടിക, കരിങ്കൽ, ഹോളോ ബ്രിക്സ്, ഇന്റർ ലോക്ക് എന്നീ മേഖലയിലെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലായി. അതുപോലെ ആയിരക്കണക്കിന് തൊഴിൽ രഹിതരായ യുവാക്കളുടെ ആശ്രയമായിരുന്ന സമാന്തര വിദ്യാഭ്യാസ സ്ഥപനങ്ങൾ, കിന്റർ ഗാർഡൺ, ഡേ കെയർ സെന്ററുകൾ, മ്യൂസിക് ട്രെയിനിംഗ് സെന്ററുകൾ,നൃത്ത വിദ്യാലയങ്ങൾ , തയ്യൽ പരിശീലന കേന്ദ്രങ്ങൾ എന്നിവയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ലക്ഷക്കണക്കിന് ആളുകളും തൊഴിലും വരുമാനവുമില്ലാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. ഇനിയെങ്ങനെ ജീവിതം മുമ്പോട്ട് കൊണ്ടുപോകുമെന്ന ചോദ്യമാണ് പലരുടെയും മുമ്പിലുള്ളത്.
തൊഴിൽ നഷ്ടപ്പെട്ടവരുടെ ദുരിതം
മത്സ്യ മാർക്കറ്റുകൾ, ഹോട്ടലുകൾ, തട്ടുകടകൾ എന്നിവയുടെ പ്രവർത്തനം ഇപ്പോഴും ഭാഗീകമായാണ് നടക്കുന്നത്. ഈ മേഖലകളിലും പകുതിയിലേറെ പേർ തൊഴിൽ രഹിതരായി.ഓഡിറ്റോറിയങ്ങൾ, ടൂറിസ്റ്റ് ബസുകൾ, ആശുപത്രികൾ എന്നിവിടങ്ങളെയും കൊവിഡ് നിയന്ത്രണം പ്രതികൂലമായി ബാധിച്ചു. കാറ്ററിംഗ് സർവീസുകാരെയും പ്രതിസന്ധിയിലാക്കി. ആയിരവും രണ്ടായിരവും പേർ പങ്കെടുത്തിരുന്ന വിവാഹ ചടങ്ങുകളും മറ്റ് ആഘോഷങ്ങളും സർക്കാർ നിയന്ത്രണത്തെ തുടർന്ന് അമ്പത് പേരിലേക്ക് ചുരുങ്ങിയപ്പോൾ ഇക്കൂട്ടരുടെ നിലനിൽപ്പുതന്നെ ആശങ്കയിലായിട്ടുണ്ട്. സൗജന്യ റേഷനോ റേഷൻ കിറ്റോ ലഭിച്ചതു കൊണ്ട് തീരുന്നതല്ല തൊഴിൽ നഷ്ടപ്പെട്ടവരുടെ ദുരിതം. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായ ഈ കുടുംബങ്ങൾക്ക് സർക്കാർ അടിയന്തര സഹായം വിതരണം ചെയ്യണമെന്ന് അസംഘടിതമേഖലയിലെ ആയിരങ്ങൾ ആവശ്യപ്പെടുന്നു.