കൊല്ലം: ഇത്തിക്കരയിൽ വിജയം കാണാൻ മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് മത്സരിക്കുകയാണ്. സി.പി.ഐയിലെ ശ്രീജ ഹരീഷ്, കോൺഗ്രസിലെ ഫേബ സുദർശൻ, ബി.ജെ.പിയിലെ ബിറ്റി സുധീർ എന്നിവർ മത്സര രംഗത്ത് സജീവമായി കഴിഞ്ഞു. ചിറക്കര പഞ്ചായത്തിലെ 14 വാർഡുകൾ, ആദിച്ചനല്ലൂരിലെ 12 വാർഡുകൾ, കല്ലുവാതുക്കലിലെ ഒരു വാർഡ്, ചാത്തന്നൂരിലെ 18 വാർഡുകൾ അടക്കം 45 പഞ്ചായത്ത് വാർഡുകളാണ് ഇത്തിക്കരയിലുള്ളത്. അഭിഭാഷകയും കവയിത്രിയുമായ ഫേബ സുദർശൻ എറണാകുളം ഗവ.ലോ കോളേജിലെ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയും യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായിരുന്നു. മഹിളാ സംഘം ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയംഗമായ ശ്രീജ ഹരീഷ് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷയായിരുന്നു. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ബിറ്റി സുധീർ അഭിഭാഷകയാണ്. ഇത്തിക്കരയിൽ വിജയ തുടർച്ച നേടാൻ ശക്തമായ പ്രചാരണമാണ് എൽ.ഡി.എഫ് നടത്തുന്നത്. രാഷ്ട്രീയ വിവാദങ്ങൾ ചർച്ചയാക്കി എൽ.ഡി.എഫ് പ്രചാരണങ്ങളെ മറികടന്ന് വിജയം നേടാനാണ് യു.ഡി.എഫും ബി.ജെ.പിയും ലക്ഷ്യമിടുന്നത്.
2015 ലെ വോട്ട് നില
എൻ.രവീന്ദ്രൻ (സി.പി.എം): 18,008
അനിൽ നാരായണൻ (കോൺഗ്രസ്): 16,346
സശാന്ത് (ബി.ജെ.പി): 7,603