nc
കുലശേഖരപുരം കടത്തൂരിൽ സ്ഥാപിച്ച ലാബ് കെട്ടിടം.

സ്ഥലം വാങ്ങി കെട്ടിടം പണി പൂർത്തിയായപ്പോൾ ജനങ്ങൾക്ക് ഉപകാരപ്പെടില്ലെന്ന് ആരോഗ്യവകുപ്പ്

25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം

തഴവ: കലശേഖരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കടത്തൂരിൽ സ്ഥാപിച്ച ലാബ് തുറന്ന് പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കടത്തൂരിൽ ലാബ് സ്ഥാപിക്കാൻ പഞ്ചായത്ത് ഭരണസമിതി 2017 ലാണ് അനുമതി നൽകിയത്. ഇതനുസരിച്ച് ഏഴ് സെന്റ് സ്ഥലം വാങ്ങുകയും തുടർന്ന് എം.പി.ഫണ്ടിൽ നിന്നും ലഭിച്ച 25 ലക്ഷം രൂപ ചെലവഴിച്ച് 2018 ആഗസ്റ്റിൽ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തതോടെയാണ് ലാബിന്റെ കാര്യത്തിൽ രൂക്ഷമായ സാങ്കേതിക അനിശ്ചിതത്വം ആരംഭിച്ചത്.

കോടതി വിധി വന്നിട്ടും

കെട്ടിടം പൂർത്തിയായി മാസങ്ങൾക്ക് ശേഷവും ലാബ് ആരംഭിക്കുവാൻ നടപടി ഇല്ലാത്തതിനെ തുടർന്ന് ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിക്കുകയും രണ്ട് മാസത്തിനുള്ളിൽ ലാബ് പ്രവർത്തനം ആരംഭിക്കണമെന്ന കോടതി വിധി ഇക്കഴിഞ്ഞ ആഗസ്റ്റ് 10ന് നേടുകയും ചെയ്തു. എന്നാൽ വിധി വന്ന് മൂന്ന് മാസം പിന്നിടുമ്പോഴും ലാബിന്റെ കാര്യത്തിൽ വ്യക്തമായ ധാരണയില്ലാതെ അധികൃതർ ഇരുട്ടിൽ തപ്പുകയാണ്.കോടതി വിധി വന്നതിന് പിറകേ ലാബിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുവാൻ ഗ്രാമ പഞ്ചായത്ത് അഞ്ചര ലക്ഷം രൂപ വീണ്ടും അനുവദിച്ചെങ്കിലും ലാബ് ടെക്നീഷ്യൻ ,ലാബ് അസിസ്റ്റന്റ് തസ്തികകളിൽ നിയമനം നടത്തുവാൻ ആരോഗ്യ വകുപ്പ് ഇനിയും തയ്യാറായിട്ടില്ല.

ഉപയോഗപ്രദമാകില്ലെന്ന് ആരോഗ്യ വകുപ്പ്

കുലശേഖരപുരം പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് കടത്തൂരിൽ ലാബ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. അതിനാൽ പ്രൈമറി ഹെൽത്ത് സെന്ററിലെ ജീവനക്കാരുടെ സേവനം ഇവിടെ പ്രയോജനപെടുത്താൻ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മാത്രമല്ല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നിലവിൽ സ്വന്തമായി ലാബും ജീവനക്കാരുമുള്ള സാഹചര്യത്തിൽ കടത്തൂരിലെ ലാബ് രോഗികൾക്ക് പ്രയോജനപ്രദമാകില്ലെന്നും ഇവർ വാദിക്കുന്നു.

ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സ്ഥലം വാങ്ങുകയും കെട്ടിടം നിർമ്മിക്കുകയും വീണ്ടും ഉപകരണങ്ങൾക്ക് വാങ്ങാൻ പണം അനുവദിക്കുകയും ചെയ്ത ശേഷം ലാബ് ഉപയോഗപ്രദമാകില്ലെന്ന ആരോഗ്യ വകുപ്പിന്റെ നിലപാടിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

പ്രതികരണം

കടത്തൂരിൽ ലാബ് സ്ഥാപിക്കാൻ സ്ഥലം, കെട്ടിടം, ഉപകരണങ്ങൾ എന്നിവയ്ക്ക് പണം അനുവദിച്ച അതേ സർക്കാർ സംവിധാനമാണ് ഇന്നും നിലവിലുള്ളത്. മതിയായ പഠനമില്ലാതെ പദ്ധതികൾക്ക് പണം അനുവദിക്കുന്നത് അപകടകരമായ കീഴ് വഴക്കമാണ്. ലാബ് കടത്തൂരിൽ അനിവാര്യമല്ലെങ്കിൽ അതിന് ചെലവായ തുകയുടെ ഉത്തരവാദിത്വം കൂടി അധികൃതർ ഏറ്റെടുക്കണം. ജനോപകാര പ്രദമായ നിലയിൽ ലാബ് ആരംഭിക്കുവാൻ അടിയന്തര നടപടി വേണം.

ഗോപിനാഥൻപുലരി

റിട്ട: ഗ്രാമ പഞ്ചായത്ത് സെക്രട്ടറി.

ലാബ്, അങ്കണവാടി എന്നിവയ്ക്കുവേണ്ടിയാണ് കടത്തൂരിൽ കെട്ടിടം നിർമ്മിച്ചത് .കെട്ടിടം പൂർത്തിയായ അന്നു മുതൽ ലാബ് ആരംഭിക്കാൻ ശ്രമം ആരംഭിച്ചതാണ്. എന്നാൽ വിവിധ തടസവാദങ്ങളുടെ പേരിൽ ബോധപൂർവ്വമായ കാലതാമസം വരുത്തുകയാണ്.

കെ.അലാവുദ്ദീൻ

ഗ്രാമ പഞ്ചായത്ത് അംഗം

കടത്തൂർ.