പത്രിക പിൻവലിക്കാൻ വൈകിട്ട് മൂന്നുവരെ സമയം
കൊല്ലം: നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് മൂന്നിന് അവസാനിക്കുന്നതോടെ ജില്ലയുടെ തദ്ദേശ മത്സര ചിത്രം വ്യക്തമാകും. ജില്ലയിലെ 68 ഗ്രാമ പഞ്ചായത്തുകൾ, 11 ബ്ലോക്ക് പഞ്ചായത്തുകൾ, കൊല്ലം ജില്ലാ പഞ്ചായത്ത്, കരുനാഗപ്പള്ളി, പുനലൂർ, കൊട്ടാരക്കര, പരവൂർ മുനിസിപ്പാലിറ്റികൾ, കൊല്ലം കോർപ്പറേഷൻ എന്നിവിടങ്ങളിലെ മത്സരം ഏതുവഴിക്ക് നീങ്ങുമെന്ന് ഇന്നറിയാനാകും.
റിബലുകൾ, സ്വതന്ത്ര സ്ഥാനാർത്ഥികൾ, സ്ഥാനാർത്ഥി നിർണത്തിൽ വിയോജിച്ച് പാർട്ടി വിട്ട വിമതർ എന്നിവർ ഏതെണ്ടെല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമുണ്ട്. ജില്ലാ - ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിലാണ് വിമതർ വലിയ തോതിൽ പത്രിക നൽകാതിരുന്നത്. രാഷ്ട്രീയ പാർട്ടികളോട് വിയോജിച്ച് രൂപം കൊണ്ട പ്രാദേശിക ജനകീയ കൂട്ടായ്‌മകളുടെ സ്ഥാനാർത്ഥികളും പല പഞ്ചായത്തുകളിലും മത്സരിക്കുന്നുണ്ട്. മുന്നണികളുടെ ജയപരാജയങ്ങളിൽ നിർണായ സ്വാധീനം ചെലുത്താനാകുന്ന റിബലുകളെയും സ്വതന്ത്രരെയും പിൻമാറ്റാനുള്ള ചർച്ചകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രാത്രി വൈകിയും തുടരുകയാണ്.
റിബലുകളെ പിൻമാറ്റാൻ സ്വാധീനം, പ്രലോഭനം തുടങ്ങി എല്ലാ സാദ്ധ്യതകളും നോക്കുകയാണ് മുന്നണികളും അവരുടെ സ്ഥാനാർത്ഥികളും.
മുന്നേറ്റ സാദ്ധ്യതകൾ തേടി മുന്നണികൾ
2015ലെ ഇടത് തരംഗത്തിൽ ജില്ലയിലെ 11 ഗ്രാമ പഞ്ചായത്തുകളിൽ മാത്രമാണ് യു.ഡി.എഫിന് അധികാരം നേടാനായത്. കൊല്ലം കോർപ്പറേഷൻ, 11 ബ്ലോക്ക് പഞ്ചായത്തുകൾ, നാല് മുനിസിപ്പാലിറ്റികൾ, ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ 74 തദ്ദേശ സ്ഥാപനങ്ങൾ ഇടത് നിയന്ത്രണത്തിലായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം നടത്താൻ ബി.ജെ.പിക്ക് കഴിഞ്ഞതും കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ്.
സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന പദ്ധതികളാണ് എൽ.ഡി.എഫിന്റെ പ്രധനാ പ്രചാരണ വിഷയങ്ങൾ. സംസ്ഥാന സർക്കാരിനെതിരെ ഉയരുന്ന എല്ലാ വിവാദ വിഷയങ്ങളും ചർച്ചയാക്കിയാണ് ബി.ജെ.പിയും യു.ഡി.എഫും പ്രചാരണം നടത്തുന്നത്. അധികാരം നിലനിറുത്താൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ ശക്തമായ മടങ്ങി വരവാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ വീണുപോയാൽ നിയമസഭാ തിരഞ്ഞെടുപ്പിനെയും അത് ബാധിക്കുമെന്ന് രണ്ട് മുന്നണികളും മനസിലാക്കുന്നു. വോട്ട് ഉയർത്താൻ വേണ്ടിയല്ല, തദ്ദേശ അധികാരം പിടിച്ചെടുക്കാനാണ് മത്സരിക്കുന്നതെന്ന വികാരം പ്രവർത്തകരിലും ജനങ്ങളിലുമുണ്ടാക്കിയാണ് ബി.ജെ.പി - എൻ.ഡി.എ പ്രചാരണം.
പത്രിക പിൻവലിക്കുന്നത് ഇങ്ങനെ
1. നാമനിർദേശ പത്രികകൾ ഇന്ന് വൈകിട്ട് മൂന്നുവരെ പിൻവലിക്കാം
2. ഇതിനായി അഞ്ചാം നമ്പർ ഫാറത്തിലുള്ള നോട്ടീസ് സമർപ്പിക്കണം
3. സ്ഥാനാർത്ഥി, നാമനിർദേശകർ, സ്ഥാനാർത്ഥി രേഖാമൂലം അധികാരപ്പെടുത്തി ഏജന്റ് എന്നിവരിൽ ആരെങ്കിലും നോട്ടീസ് റിട്ടേണിംഗ് ഓഫീസർക്ക് നേരിട്ട് നൽകണം
4. ഫാറം തദ്ദേശ സ്ഥാപനങ്ങളിലും റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ലഭിക്കും