bypass
കൊല്ലം ബൈപ്പാസ് ടോൾ പ്ലാസ

കൊല്ലം: കൊല്ലം ബൈപ്പാസിൽ ടോൾ പിരിവിനുള്ള നടപടി ദേശീയപാത അതോറിറ്റി തുടങ്ങി. ഡിസംബർ അവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ ടോൾ പിരിവ് ആരംഭിക്കാനാണ് സാദ്ധ്യത. ബൈപ്പാസിനൊപ്പം പൂത്തിയായ കുരീപ്പുഴയിലെ ടോൾ പ്ലാസ കേന്ദ്രീകരിച്ചാകും പിരിവ്.

2019 ജനുവരിയിലാണ് ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. അപ്പോൾ തന്നെ ടോൾ പ്ലാസയും സജ്ജമായിരുന്നു. പക്ഷെ ദേശീയപാത അതോറിറ്റി ടോൾ പിരിവ് സംബന്ധിച്ച് തീരുമാനം അന്ന് എടുത്തിരുന്നില്ല. നൂറുകോടി രൂപയ്ക്ക് മുകളിൽ ചെലവാകുന്ന എല്ലാ റോഡ് നിർമ്മാണങ്ങൾക്കും ടോൾ ഏർപ്പെടുത്തുന്നതാണ് കേന്ദ്ര നയം. 352 കോടിയാണ് കൊല്ലം ബൈപ്പാസിന്റെ ആകെ നിർമ്മാണ ചെലവ്. ഇതിന്റെ പകുതി വഹിച്ചത് കേന്ദ്രമാണ്. അതുകൊണ്ട് തന്നെ ദേശീയപാത അതോറിറ്റി ഏത് നിമിഷവും ടോൾ പിരിവ് ഏർപ്പെടുത്തുമെന്ന അഭ്യൂഹം നിലനിന്നിരുന്നു. എന്നാൽ ടോൾ വേണ്ടെന്ന നിലപാടിലായിരുന്നു സംസ്ഥാന സർക്കാർ.

 പ്രതീക്ഷിക്കുന്നത് 11.52 കോടി

ബൈപ്പാസിലെ ടോൾ പിരിവിലൂടെ ദേശീയപാത അതോറിറ്റി പ്രതിവർഷം 11.52 കോടി വരുമാനമാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് മാസത്തെ കാലാവധിയിൽ സ്വകാര്യ ഏജൻസികൾക്കാകും ടോൾപിരിവിനുള്ള ചുമതല നൽകുക. ഇതിനുള്ള ടെണ്ടർ നടപടി ആരംഭിച്ചു.

 ബൈപ്പാസ് ഉപയോഗിക്കുന്ന വാഹനങ്ങൾ

കാർ, ജീപ്പ്, വാൻ തുടങ്ങിയ ചെറുവാഹനങ്ങൾ: 68%

ചെറിയ ഗുഡ്സ് വാഹനങ്ങൾ, മിനി ബസ്: 9%

ബസ്, ട്രക്ക്: 11%

ത്രി ആക്സിൽ വാഹനങ്ങൾ: 5%

നാല് മുതൽ ആറ് ആക്സിലുകൾ വരെയുള്ള വാഹനങ്ങൾ: 7%

 ടോൾ നിരക്ക്

വാഹനങ്ങളുടെ സ്വഭാവം, ഒരു തവണ കടന്നുപോകുന്നതിന്, തിരിച്ചുള്ള യാത്രയ്ക്കും കൂടി, ഒരുമാസത്തേക്ക് (50 യാത്ര), ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാണിജ്യ വാഹനങ്ങൾക്ക് ഒരു തവണ

കാർ, ജീപ്പ്, വാൻ തുടങ്ങിയ ചെറിയ വാഹനങ്ങൾ: 25, 35, 780, 10

ചെറിയ വാണിജ്യ, ഗുഡ്സ് വാഹനങ്ങൾ, മിനി ബസ്: 40, 55, 1260, 20

രണ്ട് ആക്സിൽ വരെയുള്ള ട്രക്ക്, ബസ്: 80, 120, 2640, 20

മൂന്ന് ആക്സിൽ വാണിജ്യ വാഹനങ്ങൾ: 85, 130, 2880, 45

നാല് മുതൽ ആറ് വരെ ആക്സിൽ: 125, 185, 4140, 60

ഏഴും അതിൽ കൂടുതലും: 150, 225, 5040, 75