kacha

 ജാഥകളും യോഗങ്ങളും മുൻകൂട്ടി അറിയിക്കണം

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടത്തുന്ന ജാഥകളും യോഗങ്ങളും പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം. രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും ഇത് സംബന്ധിച്ച നിർദേശം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ നൽകി. ക്രമസമാധാനം ഉറപ്പാക്കാനും ഗതാഗതം നിയന്ത്രിക്കാനും വിവരങ്ങൾ പൊലീസ് മുൻകൂട്ടി അറിയേണ്ടത് അനിവാര്യമാണ്.

ജാഥകളും പൊതുയോഗങ്ങളും കൊവിഡ് നിയന്ത്രണം പാലിച്ചേ നടത്താവൂ. പരിധിയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചാൽ തിരഞ്ഞെടുപ്പ് സ്പെഷ്യൽ സ്ക്വാഡും പൊലീസും ഇടപെടും. യോഗം നടക്കുന്ന സ്ഥലവും സമയവും തീയതിയും മാത്രമല്ല, ജാഥ കടന്നുപോകുന്ന വഴികളും മുൻകൂട്ടി അറിയിച്ചേ മതിയാകൂ. ഒരു രാഷ്ട്രീയ കക്ഷിയുടെ യോഗം നടക്കുന്ന സ്ഥലത്ത് കൂടി മറ്റൊരു കക്ഷി ജാഥ നടത്തരുത്. ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയുടെയോ സ്ഥാനാർത്ഥിയുടെയോ പ്രചാരണ സാമഗ്രികൾ മറ്റ് കക്ഷികളുടെ പ്രവർത്തകർ നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യരുത്. പൊതുയോഗങ്ങൾ തടസപ്പെടുത്തുക, യോഗസ്ഥലത്ത് ക്രമരഹിതമായി പ്രവർത്തിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് മൂന്നുമാസം വരെ തടവ്, 1000 രൂപ വരെ പിഴ എന്നിവയിൽ ഏതെങ്കിലുമൊരു ശിക്ഷയോ രണ്ടും കൂടിയോ ലഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.