കർഷകരുടെ കണക്കുകൂട്ടൽ തെറ്റിച്ച് തിരഞ്ഞെടുപ്പ്
ചാത്തന്നൂർ: തെക്കൻ കേരളത്തിന്റെ നെല്ലറയെന്ന് അറിയപ്പെടുന്ന പോളച്ചിറ ഏലായിൽ ഇത്തവണ നെൽകൃഷി നടക്കുമോയെന്ന് കർഷകർക്ക് ആശങ്ക. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകാൻ ഇടയായതാണ് അധികൃതരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്.
മുൻ കാലങ്ങളിൽ ഒക്ടോബർ അവസാന വാരം പാടശേഖര സമിതിയുടെ വാർഷിക പൊതുയോഗം ചേർന്ന് ഭാരവാഹികളെ തിരഞ്ഞെടുത്ത് കൃഷിക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുമായിരുന്നു. എന്നാൽ ഇത്തവണ അതുണ്ടായില്ല.
ജനുവരി അവസാന വാരമെങ്കിലും കൃഷി ഇറക്കിയില്ലെങ്കിൽ വർഷകാലത്തിന് മുന്നേ കൊയ്തെടുക്കുന്ന കാര്യം അവതാളത്തിലാകും. നിലവിലെ സഹചര്യം അനുസരിച്ച് ഡിസംബർ അവസാന വാരത്തോടെ മാത്രമേ പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരമേൽക്കൂ. ഇതിന് ശേഷം ജനുവരി പകുതിയോടെ മാത്രമേ കൃഷി ഇറക്കാനാകൂ എന്ന ആശങ്കയിലാണ് കർഷകർ.
മത്സ്യവിളവെടുപ്പിനും കാത്തിരിക്കണം
പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഫിഷറീസ് വകുപ്പും പഞ്ചായത്തും സംയുക്തമായി നടത്തിയ മത്സ്യക്കൃഷിയുടെ വിളവെടുപ്പും ആരംഭിക്കേണ്ടതുണ്ട്. ആറ് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് പോളച്ചിറയിൽ കൂട് കെട്ടി വളർത്തുന്നത്. പകുതി വളർച്ച മാത്രമാണ് എത്തിയിട്ടുള്ളത്. മത്സ്യം പൂർണ വളർച്ചയെത്താൻ ഇനിയും മൂന്ന് മാസമെങ്കിലും കാത്തിരിക്കണം. പതിനഞ്ച് ലക്ഷം രൂപയാണ് വിറ്റുവരവ് പ്രതീക്ഷിക്കുന്നത്.
''
പോളച്ചിറ ഏലായിൽ നിരവധി പാടശേഖര സമിതികൾ നിലവിലുണ്ടെങ്കിലും 2017ൽ രജിസ്റ്റർ ചെയ്ത പാടശേഖര സമിതിയാണ് ഇപ്പോൾ നെൽകൃഷിക്ക് ചുക്കാൻ പിടിക്കുന്നത്.
പാടശേഖര സമിതി
''
പാടശേഖര സമിതിയുടെ നിലവിലെ ഭാരവാഹികളെ കൊണ്ട് കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കണം.
കർഷകർ