കൊട്ടാരക്കര: കോട്ടാത്തല പണയിൽ ജംഗ്ഷനിൽ നിന്നും പള്ളിയ്ക്കലിലേക്കുള്ള റോഡ് തകർന്ന് തരിപ്പണമായി. മെറ്റൽ ഇളകിത്തെറിക്കുന്നതിനാൽ അപകടവും പതിവായി. മൈലം ഗ്രാമപഞ്ചായത്തിലെ പള്ളിക്കൽ പടിഞ്ഞാറ് വാർഡിൽ പെടുന്നതാണ് ഈ റോഡ്. വർഷങ്ങൾക്ക് മുൻപ് ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച തുകകൊണ്ടാണ് റോഡ് ടാറിംഗ് നടത്തിയത്. തടത്തിൽ ഭാഗം മുതൽ അമ്മിണിപ്പാലം വരെയുള്ള ഭാഗം തീർത്തും നശിച്ച നിലയിലാണ്. ഇതിനിടയിൽ കയറ്റമുള്ള ഭാഗത്ത് റോഡ് തകർന്നതാണ് കൂടുതൽ അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. ഇവിടെ ടാറിംഗ് പൂർണമായും ഇളകി മാറുകയും മെറ്റൽ ഇളകിയഭാഗത്ത് കുഴികൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. താരതമ്യേന റോഡിന് വീതി കുറഞ്ഞ ഭാഗവുമായതിനാൽ എതിർ ദിശയിൽ നിന്നും മറ്റൊരു വാഹനം വന്നാൽ അപകടം ഉറപ്പാണെന്ന സ്ഥിതിയാണ്.
റോഡിന്റെ ദയനീയ സ്ഥിതി പരിഹരിക്കണം
ഏലായുടെ നടുവിൽക്കൂടിയാണ് റോഡ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഇവിടെ കോൺക്രീറ്റ് നടത്തുന്നതാണ് കൂടുതൽ ഉചിതം. അമ്മിണി പാലം മുതൽ പള്ളിയ്ക്കൽ ഉടയോൻകാവിന് സമീപത്തുവരെ ചെല്ലുന്ന ഭാഗത്ത് ഇരുവശത്തും ഇന്റർലോക്ക് പാകിയിരുന്നതും ഇളകിത്തുടങ്ങി. എപ്പോഴും നീരൊഴുക്കുള്ള ഭാഗം കൂടിയായതിനാൽ ഇവിടെ ടാറിംഗ് നടത്തിയിട്ട് കാര്യമില്ല. ഇതിന് സമീപത്തായാണ് ശാന്തിഗിരി ആശ്രമത്തിന്റെ ശാഖയും സ്ഥിതി ചെയ്യുന്നത്. റോഡിന്റെ ദയനീയ സ്ഥിതി പരിഹരിക്കാൻ അധികൃതർ ഇനിയും തയ്യാറായിട്ടില്ല. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടുതേടി എത്തുന്നവരോട് പരാതിയായും പ്രതിഷേധമായും റോഡിന്റെ ശോച്യാവസ്ഥ ഉന്നയിക്കുകയാണ് നാട്ടുകാർ.
ഫണ്ട് ലഭിച്ചില്ല
പണയിൽ - പള്ളിയ്ക്കൽ റോഡിന് മുൻപ് ജില്ലാ പഞ്ചായത്താണ് തുക അനുവദിച്ച് ടാറിംഗ് നടത്തിയത്. റോഡ് തകർച്ചയിലായപ്പോൾ പതിനായിരം രൂപ മാത്രമേ അറ്റകുറ്റപ്പണിയ്ക്ക് ലഭിച്ചുള്ളൂ. റീ ടാറിംഗ് നടത്തണമെങ്കിൽ പഞ്ചായത്തിന്റെ വിഹിതംകൊണ്ട് നടക്കില്ലായിരുന്നു. (കെ.വി.സന്തോഷ് ബാബു, വാർഡ് മെമ്പർ)
റോഡിന്റെ തകർച്ച പരിഹരിക്കണം
മൈലം ഗ്രാമപഞ്ചായത്തിൽപ്പെടുന്ന പണയിൽ- പള്ളിയ്ക്കൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കപ്പെടണം. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിക്കാൻ ജനപ്രതിനിധികൾ താത്പര്യമെടുത്തില്ല. ടാറിംഗ് ഇളകി സഞ്ചരിക്കാൻ ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. (വി.എസ്.സന്ദീപ്, സെക്രട്ടറി, ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മിറ്റി)