lab
കുലശേഖരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം

നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു

തഴവ: കുലശേഖരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബ് നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. പ്രതിദിനം നൂറുകണക്കിന് രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. എന്നാൽ ഇവിടുത്തെ ലാബിൽ ഭൂരിഭാഗം ബയോകെമിക്കൽ ടെസ്റ്റുകളും നടത്താൻ കഴിയാത്തതാണ് രോഗികളെ വലയ്ക്കുന്നത്.

സി.ബി.സി ,യൂറിക് ആസിഡ്, കൊളസ്ട്രോൾ, ആർ.ബി.എസ്, യൂറിയ, ക്രിയാറ്റിൻ, എച്ച്.ബി.എസ് എന്നീ ഏഴ് ടെസ്റ്റുകൾ മാത്രമാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ലാബിൽ നിലവിൽ നടത്തുന്നത്. ഇതിൽത്തന്നെ കൊളസ്ട്രോൾ സംബന്ധിച്ച വിശദമായ പരിശോധന നടത്താൻ പോലും നിലവിലെ ലാബിൽ സംവിധാനമില്ല. തൈറോയിഡ് ടെസ്റ്റ് നടത്താൻ പുറത്തുള്ള സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുതിയ ഉത്തരവനുസരിച്ച് ഈ വരുന്ന ജനുവരി ഒന്നു മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലാബ് ടെസ്റ്റുകൾ പൂർണമായും സൗജന്യമായാണ് നടത്തേണ്ടത്. ഈ സാഹചര്യത്തിൽ പരിമിതമായ സൗകര്യം മാത്രമുള്ള കുലശേഖരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബ് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

രോഗികൾ കൂടി വരുന്നു

ജീവനക്കാരുടെ നിയമനം പോലും നടത്താതെ കുലശേഖരപുരം കടത്തൂരിൽ ആരംഭിക്കാനിരിക്കുന്ന ലാബിന് ഉപകരണങ്ങൾ വാങ്ങാനായി അഞ്ചര ലക്ഷം രൂപയാണ് പഞ്ചായത്ത് അനുവദിച്ചത്. എന്നാൽ ഡോക്ടറുടെ സേവനം ഉൾപ്പടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിന്റെ ലാബ് നവീകരിക്കുന്നതിൽ തികഞ്ഞ അനാസ്ഥയാണ് അധികൃതർ തുടരുന്നതെന്ന് ആക്ഷേപുണ്ട്. കടത്തൂരിലേക്ക് അനുവദിച്ച തുക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബിന് ലഭിച്ചിരുന്നെങ്കിൽ ഇത് പൂർണമായും നവീകരിക്കാൻ കഴിയുമായിരുന്നെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രോഗലക്ഷണങ്ങളുള്ളവർ ഇപ്പോൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തേയാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ ഇവർക്ക് മെച്ചപ്പെട്ട സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.