കൊല്ലം: പള്ളിക്കലാറിന്റെ തീരങ്ങളിലുയരുന്ന മത്സരാവേശം തൊടിയൂരിലാകെ പ്രകടമാണ്. സി.പി.ഐയുടെ അനിൽ.എസ്. കല്ലേലിഭാഗം, ആർ.എസ്.പിയുടെ പി. അനിൽകുമാർ, ബി.ജെ.പിയുടെ ബിനോയ് ജോർജ് എന്നിവരാണ് മത്സര രംഗത്ത്.
തൊടിയൂർ പഞ്ചായത്ത്, മൈനാഗപ്പള്ളി പഞ്ചായത്തിലെ 21 വാർഡുകൾ, തഴവയിലെ ഒരു വാർഡ്, പടിഞ്ഞാറെകല്ലടയിലെ മൂന്ന് വാർഡുകൾ എന്നിങ്ങനെ നാല് പഞ്ചായത്തുകളിലെ 48 പഞ്ചായത്ത് വാർഡുകൾ ചേരുന്നതാണ് തൊടിയൂർ ഡിവിഷൻ. കഴിഞ്ഞ കൗൺസിലിൽ ഓച്ചിറ ഡിവിഷനെ പ്രതിനിധീകരിച്ച അനിൽ.എസ്. കല്ലേലിഭാഗം സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടേറിയറ്റ് അംഗമാണ്.
എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ്, എ.ഐ.എസ്.എഫ് ജില്ലാ ജോ. സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. തൊടിയൂർ പഞ്ചായത്തംഗമായിരുന്ന പി. അനിൽകുമാർ പി.എസ്.യുവിന്റെയും ആർ.വൈ.എഫിന്റെയും മണ്ഡലം സെക്രട്ടറിയായും ആർ.എസ്.പി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബിനോയ് ജോർജ് ബി.ജെ.പി മൈനാഗപ്പള്ളി പഞ്ചായത്ത് ജനറൽ സെക്രട്ടറിയായിരുന്നു.
തൊടിയൂരിനെ നിലനിറുത്താൻ വികസന വിഷയങ്ങൾ പരമാവധി ചർച്ചയാക്കുകയാണ് എൽ.ഡി.എഫ്. എന്നാൽ തൊടിയൂരിന്റെ ആവശ്യങ്ങളും പൊതു രാഷ്ട്രീയവും ചർച്ചയാക്കി അട്ടിമറി വിജയം നേടാനുള്ള പരിശ്രമത്തിലാണ് ബി.ജെ.പി, യു.ഡി.എഫ് സ്ഥാനാർത്ഥികൾ.
2015ലെ വോട്ട് നില
ശ്രീലേഖാ വേണുഗോപാൽ (സി.പി.ഐ): 26,436
കെ.രാജി (ആർ.എസ്.പി): 17,611
ബി.രാജി രാജ് (ബി.ജെ.പി): 8,966