കൊല്ലം: തേവലക്കരയിൽ വിജയക്കൊടി നാട്ടാൻ മൂന്ന് മുന്നണികളും വിശ്രമമില്ലാത്ത പരിശ്രമത്തിലാണ്. കോൺഗ്രസിന്റെ ദിനകർ കോട്ടക്കുഴി, സി.പി.ഐയുടെ എസ്.സോമൻ, ബി.ജെ.പിയുടെ ജി.ആർ. പ്രസീദ് എന്നിവരാണ് മത്സരിക്കുന്നത്.
തെക്കുംഭാഗം പഞ്ചായത്തിലെ 13 വാർഡുകൾ, തേവലക്കരയിലെ 23 വാർഡുകൾ, പന്മനയിലെ ഏഴ് വാർഡുകൾ, ചവറയിലെ മൂന്ന് വാർഡുകൾ എന്നിങ്ങനെ നാല് പഞ്ചായത്തിലെ 46 വാർഡുകൾ ചേരുന്നതാണ് തേവലക്കര ഡിവിഷൻ.
കുന്നത്തൂരിലെ മുൻ എം.എൽ.എ കോട്ടക്കുഴി സുകുമാരന്റെ മകനാണ് കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് ജനറൽ സെക്രട്ടറി ദിനകർ കോട്ടക്കുഴി. കെ.എസ്.യു മുൻ ജില്ലാ സെക്രട്ടറിയായിരുന്നു. സി.പി.എെ ചവറ മണ്ഡലം സെക്രട്ടേറിയറ്റംഗവും ജില്ലാ ലൈബ്രറി കൗൺസിൽ അംഗവുമാണ് എസ്.സോമൻ. എസ്.ബി.ടി ജീവനക്കാരനായിരുന്ന ഇദ്ദേഹം ഗ്രന്ഥശാലാ പ്രവർത്തനങ്ങളിൽ സജീവമാണ്.
എസ്.സി മോർച്ച നിയോജക മണ്ഡലം പ്രസിഡന്റാണ് ബി.ജെ.പി സ്ഥാനാർത്ഥി ജി.ആർ. പ്രസീദ്. 2015ലെ ഇടത് തരംഗത്തിലും യു.ഡി.എഫിനൊപ്പം നിന്ന തേവലക്കര നിലനിറുത്താനാണ് യു.ഡി.എഫ് ക്യാമ്പിന്റെ പരിശ്രമം. തിരികെ പിടിക്കാൻ എൽ.ഡി.എഫും അട്ടിമറികൾ ലക്ഷ്യമിട്ട് ബി.ജെ.പിയും പ്രവർത്തനങ്ങളിൽ സജീവമാവുകയാണ്.
2015ലെ വോട്ട് നില
ബി. സേതുലക്ഷ്‌മി (കോൺഗ്രസ്): 23,170
കെ.ആർ. ധനലക്ഷ്‌മി (സി.പി.ഐ): 21,407
ബിന്ദു ബലരാമൻ (ബി.ജെ.പി): 5,706