കൊല്ലം: ജടായുവിനെ പോലെ വിജയത്തിന്റെ ഉയരങ്ങൾ കീഴടക്കാൻ ചടയമംഗലത്ത് മുന്നണികളും സ്ഥാനാർത്ഥികളും പയറ്റാത്ത തന്ത്രങ്ങളില്ല. സി.പി.ഐയുടെ സാം.കെ. ഡാനിയൽ, കോൺഗ്രസിന്റെ വി.ഒ. സാജൻ, ബി.ജെ.പിയുടെ മനു ദീപം എന്നിവരാണ് ചടയമംഗലം പിടിച്ചെടുക്കാൻ മത്സരരംഗത്ത് വട്ടമിട്ട് പറക്കുന്നത്.
ഇട്ടിവ പഞ്ചായത്തിലെ 17 വാർഡുകൾ, കടയ്ക്കൽ പഞ്ചായത്തിലെ എട്ട് വാർഡുകൾ, നിലമേലിലെ 13 വാർഡുകൾ, ചടയമംഗലത്തെ 15 വാർഡുകൾ എന്നിങ്ങനെ നാല് പഞ്ചായത്തുകളിലെ 53 വാർഡുകൾ അടങ്ങുന്നതാണ് ചടയമംഗലം ഡിവിഷൻ.
സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം സാം.കെ. ഡാനിയൽ എ.ഐ.എസ്.എഫിന്റെയും എ.ഐ.വൈ.എഫിന്റെയും ജില്ലാ സെക്രട്ടറിയായിരുന്നു. ഇളമാട് പഞ്ചായത്ത് പ്രസിഡന്റും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. കോൺഗ്രസ് ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് വി.ഒ. സാജൻ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതൃത്വങ്ങളിലൂടെയാണ് പാർട്ടിയിൽ സജീവമായത്. സംസ്ഥാന സാക്ഷരതാ മിഷൻ അക്കാദമിക് കോ- ഓർഡിനേറ്ററായിരുന്നു. ബി.ജെ.പി ചടയമംഗലം മണ്ഡലം ജനറൽ സെക്രട്ടറി മനു ദീപം എ.ബി.വി.പിയിലൂടെയാണ് സജീവ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. ബൂത്ത് പ്രസിഡന്റ് മുതൽ നിരവധി സംഘടനാ പദവികൾ വഹിച്ചിട്ടുണ്ട്.
2015 ലെ വോട്ട് നില
ഇ.എസ്. രമാദേവി (സി.പി.ഐ): 22,271
ഗോപിക റാണി കൃഷ്ണ (കോൺഗ്രസ്): 18,907
ബി. വത്സല (ബി.ജെ.പി): 5,863