photo

കൊല്ലം: വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്തിലെ വെട്ടിക്കവല ഡിവിഷന് ഇപ്പോളൊരു കൺഫ്യൂഷനുണ്ട്, ഇത്തവണ ആർക്ക് വോട്ടിടും. ചേട്ടനോ അനുജനോ!. ഇടത് മുന്നണിക്ക് വേണ്ടിയാണ് സി.പി.എമ്മുകാരനായ ജ്യേഷ്ഠൻ ചിരട്ടക്കോണം ഹർഷാലയത്തിൽ കെ. ഹർഷകുമാർ മത്സരിക്കുന്നത്. അനുജൻ ചിരട്ടക്കോണം കൃഷ്ണാലയത്തിൽ ചിരട്ടക്കോണം സുരേഷ് കേരളാ കോൺഗ്രസ് (ജേക്കബ്) ടിക്കറ്റിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായി. റോഡിന്റെ ഇരുവശത്താണെങ്കിലും രണ്ട് വാർഡുകളിലാണ് ഇരുവരും താമസിക്കുന്നത്.

കെ. കൃഷ്ണന്റെയും കെ. തങ്കമ്മയുടെയും പതിനൊന്ന് മക്കളിൽ ആറാമനാണ് കെ. ഹർഷകുമാർ. എട്ടാമത്തെ മകനാണ് ചിരട്ടക്കോണം സുരേഷ്. വെട്ടിക്കവല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും സി.പി.എം കൊട്ടാരക്കര ഏരിയാ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ. ഹർഷകുമാർ 1988ൽ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. റിട്ട. സഹകണ വകുപ്പ് ജീവനക്കാരിയായ ഭാര്യ സീലിയയും മക്കളായ ലക്ഷ്മിയും ശങ്കർദേവും പിന്തുണയുമായി ഒപ്പമുണ്ട്.

കേരളാ കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ചിരട്ടക്കോണം സുരേഷ്. എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ നേതൃനിരയിലെത്തി. ഈ സംഘടനാ മികവുകൊണ്ടാണ് കേരളാ കോൺഗ്രസിലും സുരേഷ് തലയെടുപ്പോടെ നിൽക്കുന്നത്. മുമ്പ് പാർട്ടി ജില്ലാ പ്രസിഡന്റും ഇപ്പോൾ കശുഅണ്ടി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ കൗൺസിലറും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവുമാണ്.

അങ്കണവാടി ടീച്ചറായ ഭാര്യ അനിമോളും മക്കളായ ചിപ്പിയും അതുൽകൃഷ്ണയും അനാമിക കൃഷ്ണയുമൊക്കെ പ്രചാരണ രംഗത്ത് സജീവമാണ്. ഇടത് മുന്നണിക്ക് അനുകൂലമായി വിധിയെഴുതാറുള്ള ഡിവിഷനിൽ ജ്യേഷ്ഠാനുജന്മാർ മുഖാമുഖം ഏറ്റുമുട്ടുമ്പോൾ ബി.ജെ.പി സ്ഥാനാർത്ഥിയായ രമാദേവിയും പ്രതീക്ഷയിലാണ്.