bag

കൊല്ലം: വോട്ട് അഭ്യർത്ഥന പ്രകൃതി സൗഹൃദമായതോടെ സ്ഥാനാർത്ഥിയുടെ ഫോട്ടോയും ചിഹ്നവും പതിച്ച പേപ്പർ ബാഗുകളാണ് ഇത്തവണ പ്രചാരണത്തിലെ താരം!. ഒരുവശത്ത് സ്ഥാനാർത്ഥിയുടെ ചിരിക്കുന്ന ഫോട്ടോയും മറുവശത്ത് ചിഹ്നവും അഭ്യ‌ർത്ഥനയും അടങ്ങുന്നതാണ് ബാഗ്.

സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും പതിച്ച മാസ്ക് ഇറങ്ങിയതിന് പിന്നാലെയാണ് പേപ്പർ ബാഗുകളും പ്രചാരണത്തിന് ഇറക്കിയത്. ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളാണ് പേപ്പർ ബാഗ് പ്രചാരണത്തിൽ മുന്നിൽ. നോട്ടീസുകൾ വായിച്ചശേഷം ഉപേക്ഷിക്കുമെന്നതിനാലാണ് ചെലവ് കൂടുതലെങ്കിലും പേപ്പർ ബാഗിനെ പ്രചാരണ ഉപാധിയാക്കിയതിന് പിന്നിൽ.

വലിപ്പത്തിനും നിലവാരത്തിനും അനുസരിച്ച് വിലയിലും പ്രിന്റിംഗ് ചാർജിലും വ്യത്യാസമുണ്ട്. സാമാന്യം വലിപ്പമുള്ള ഒരുബാഗ് പ്രിന്റ് ചെയ്യണമെങ്കിൽ 20 മുതൽ 25 രൂപവരെ ചെലവ് വരും. ഏതാനും വർഷം മുൻപ് വരെ സ്ഥാനാർത്ഥികളുടെ പേരും ഫോട്ടോയും ചിഹ്നവും പാർട്ടികളുടെ പേരും പതിച്ച തൊപ്പികൾ, സ്റ്റിക്കറുകൾ, നോട്ടീസുകൾ, ബ്രോഷറുകൾ, ടീഷർട്ടുകൾ എന്നിവയായിരുന്നു താരങ്ങൾ.

എന്നാൽ ഇത്തവണ അതിൽ നിന്ന് വ്യത്യസ്തമായാണ് പേപ്പർ ബാഗിനെ രംഗത്തിറക്കിയത്. തൊപ്പിയും ടീഷർട്ടും സ്റ്റിക്കറുമൊക്കെ മുൻപത്തെപ്പോലെയുണ്ടെങ്കിലും നവമാദ്ധ്യമ പ്രചരണം സജീവമായതിനാൽ വലിയ ഡിമാൻഡില്ല.

 ചെലവ്: 20- 25 രൂപ

 ചെറുകിട സംരംഭകർക്കും താങ്ങായി

നേരത്തെ തിരഞ്ഞെടുപ്പ് കാലത്ത് ശിവകാശിയിലും മറ്റും പോയാണ് കുറഞ്ഞ ചെലവിൽ പ്രിന്റിംഗുകൾ നടത്തിയിരുന്നത്. കൊവിഡ് കാലമായതിനാൽ ഇപ്പോൾ പോകുന്നവരുടെ എണ്ണം കുറവാണ്. നാട്ടിലെ ചെറുകിട സംരംഭകരാണ് ഇത്തരം പ്രിന്റിംഗ് വർക്കുകൾ ഏറ്റെടുത്ത് ചെയ്യുന്നത്. കൊവിഡ് കാലത്തെ തൊഴിൽ പ്രതിസന്ധിക്ക് പരിഹാരം കൂടിയാണ് ഇപ്പോഴത്തെ പരിസ്ഥിതി സൗഹൃദ പ്രചാരണം.