കൊല്ലം: കൊവിഡ് നിയന്ത്രണവും മഴയും മൂലം നഗരഹൃദയത്തിലെ കല്ലുപാലത്തിന്റെ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നത് യാത്രക്കാരെ വലയ്ക്കുന്നു. കിഫ്ബി പദ്ധതിയനുസരിച്ചുള്ള കല്ലുപാലം - ഇരവിപുരം താന്നി റോഡ് വികസനത്തിന് അനുബന്ധമായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പാലത്തിന്റെ നവീകരണം മാസങ്ങൾ പിന്നിട്ടിട്ടും ഇഴഞ്ഞുനീങ്ങുകയാണ്. 7 മാസങ്ങൾക്ക് മുൻപാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. അമ്മച്ചിവീട് ഭാഗത്ത് നിന്ന് ചിന്നക്കടയിലേക്കും പ്രധാന മാർക്കറ്റുകളിലേക്കുമുള്ള റോഡായിരുന്നു ഇത്. പതിറ്റാണ്ടുകൾക്ക് മുൻപ് ദേശീയ ജലപാതയ്ക്ക് കുറുകേ നിർമ്മിച്ച പഴയ പാലത്തിന് ബലക്ഷയമുണ്ടാവുകയും വാഹനങ്ങളുടെ എണ്ണം കൂടുകയും ചെയ്തപ്പോഴാണ് വീതി കൂട്ടി നവീകരിക്കാൻ പദ്ധതി തയ്യാറാക്കിയത്. ദേശീയ ജലപാതാ വികസനത്തിന്റെ ഭാഗമായി കൊല്ലം തോടിന് ആഴവും വീതിയും കൂട്ടിയപ്പോഴുള്ള മണ്ണെടുപ്പും പാലത്തിന്റെ ബലക്ഷയത്തിന് കാരണമായി. ഇതേ തുടർന്ന് പഴയ പാലം പൊളിച്ചുമാറ്റിയ സ്ഥലത്താണ് 20 മീറ്ററിലേറെ വീതിയിൽ പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്.
വട്ടംകറങ്ങി യാത്രക്കാർ
നിർമ്മാണത്തിനായി റോഡ് അടച്ചിട്ടതിനാൽ കളക്ടറേറ്റ്, അമ്മച്ചിവീട്, തങ്കശേരി ഭാഗത്ത് നിന്നുള്ളവർ നഗരത്തിലെത്താൻ തീരദേശം വഴിയോ ഇരുമ്പ് പാലം വഴിയോ കറങ്ങി സഞ്ചരിക്കേണ്ട അവസ്ഥയാണ്. കൊല്ലം ബീച്ച്, പള്ളിത്തോട്ടം, ചിന്നക്കട ഭാഗങ്ങളിൽ നിന്ന് കളക്ടറേറ്റ്, അമ്മച്ചിവീട്, തങ്കശേരി ഭാഗത്തേക്ക് വരേണ്ടവരും നഗരത്തിൽ വട്ടം ചുറ്റണം. ആറുമാസത്തിനകം പണി പൂർത്തീകരിക്കാമെന്ന കണക്കുകൂട്ടലിലാണ് പാലം പൊളിച്ചത്. മഴമാറിയതോടെ കഴിഞ്ഞ ഒരാഴ്ചയായി പണി വേഗത്തിലായിട്ടുണ്ടെങ്കിലും ആറുമാസമെങ്കിലും സമയമെടുത്തേ പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാനാവൂവെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.
തൂണുകളുടെ നിർമ്മാണത്തിന് പൈലിംഗ്
കൊല്ലം തോടിന് കുറുകേ ഇരുവശത്തുമായി പതിനാറ് തൂണുകൾ സ്ഥാപിച്ചശേഷം അതിന് കുറുകേ കൂറ്റൻ ബീമുകൾ നിർമ്മിച്ച് അതിലാണ് പാലം നിർമ്മിക്കുന്നത്. തൂണുകളുടെ നിർമ്മാണത്തിനുള്ള പൈലിംഗാണ് നടന്നുവരുന്നത്. അഞ്ച് തൂണുകളുടെ പൈലിംഗാണ് ഇതിനകം പൂർത്തീകരിച്ചത്.
കൊവിഡിൽ വ്യാപാര മേഖല തകർന്നിരിക്കുന്നതിനൊപ്പം കല്ലുപാലം കൂടി പൊളിച്ചതോടെ മഹാറാണി മാർക്കറ്റ് ഉൾപ്പെടെ നഗരത്തിലേക്കുള്ള ആളുകളുടെ വരവ് കുറഞ്ഞത് കച്ചവടത്തെ പ്രതികൂലമായി ബാധിച്ചു. കാലവർഷം ആരംഭിക്കുന്നതിന് മുമ്പെങ്കിലും പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കണം.
രാമസ്വാമി, വ്യാപാരി, ലക്ഷ്മിനട.
കല്ലുപാലം പൊളിച്ചതോടെ അമ്മച്ചിവീട് ഭാഗത്തുനിന്ന് ചിന്നക്കടയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വട്ടം കറങ്ങേണ്ട ഗതികേടിലാണ് യാത്രക്കാർ. രാവിലെയും വൈകിട്ടും വാടി, തങ്കശേരി ഹാർബറുകളുടെ പ്രവർത്തന സമയത്തുമാണ് യാത്രക്കാർ ബുദ്ധിമുട്ടുന്നത്. കൊവിഡാനന്തരം സ്കൂളുകളും കോളേജുകളും തുറക്കുന്നതിന് മുമ്പ് പാലം പണി പൂർത്തിയാക്കണം.
പ്രവീൺദാസ്, അമ്മച്ചിവീട്.