a
എഴുകോൺ റെയ്ൽവേ സ്റ്റേഷൻ

2 തവണ തരം താഴ്ത്താൻ നീക്കം നടന്നെങ്കിലും പ്രതിഷേധങ്ങളിൽ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

എഴുകോൺ: കൊല്ലം-പുനലൂർ റെയിൽ‌വേ റൂട്ടിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നായ എഴുകോൺ റെയിൽ‌വേ സ്റ്റേഷൻ ഹാൾട്ട് സ്റ്റേഷനായി തരം താഴ്ത്താൻ നീക്കം. മുൻപ് 2 തവണ തരം താഴ്ത്താൻ നീക്കം നടന്നെങ്കിലും ജനകീയ പ്രതിഷേധത്തെ തുടർന്ന് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. ടിക്കറ്റ് റിസർവേഷൻ ഒഴികെ ബാക്കി എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്ന ഗ്രേഡ് സി ( സി.എൻ.സി – ക്ലർക്ക് ഇൻ ചാർജ് ) ആയ എഴുകോൺ റെയിൽ‌വേ സ്റ്റേഷൻ വരുമാനമില്ലെന്ന പേര് പറഞ്ഞ് തരംതാഴ്ത്താൻ തീരുമാനിച്ചതായി റെയിൽവേ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.വരുമാന കുറവിന്റെ പേരും പറഞ്ഞ് ഇപ്പോൽ തന്നെ കേരളത്തിൽ പല സ്റ്റേഷനുകളും തരം താഴ്ത്തിയിട്ടുണ്ട്. ഗ്രേഡ് സി സ്റ്റേഷനായിരുന്ന കിളിക്കോലൂർ (കരിക്കോട്) സ്റ്റേഷൻ നേരത്തെ തന്നെ ഹാൾട് സ്റ്റേഷനാക്കിയിരുന്നു. എന്നാൽ യാത്രക്കാർക്ക് ഇതു മൂലം ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്ന് റെയിൽവേ പറയുന്നു.

നൂറ് കണക്കിന് യാത്രക്കാരുടെ ആശ്രയം

സെക്രട്ടറിയേറ്റ് ഉദ്ദ്യോഗസ്ഥരടക്കം നൂറ് കണക്കിന് ട്രെയിൻ യാത്രക്കാരുണ്ടിവിടെ. കൊറോണ പ്രതിസന്ധിയെ തുടർന്ന് ഇത് വഴി ഉണ്ടായിരുന്ന കന്യാകുമാരി, മധുര, ഗുരുവായൂർ പാസഞ്ചറുകൾ ഉൾപ്പടെ പതിനാല് ട്രെയിൻ സർവീസുകൾ നിറുത്തി വച്ചിരിക്കുകയാണ്. എന്നാൽ ഇത് വഴി ഓടുന്ന ഏക ട്രെയിൻ ആയ ചെന്നൈ എഗ്മോർ എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചിട്ടുമില്ല. അതിനാൽ നിലവിലെ സാഹചര്യത്തിൽ സ്റ്റേഷൻ വരുമാനം കണക്കാക്കാൻ കഴിയില്ല. കൊട്ടാരക്കരയ്ക്കും കുണ്ടറ മുക്കടയ്ക്കും മദ്ധ്യത്തായി സ്ഥിതി ചെയ്യുന്ന എഴുകോൺ റെയിൽ‌വേ സ്റ്റേഷൻ എഴുകോൺ, പുത്തൂർ, ഇരുമ്പനങ്ങാട്, നെടുമൺകാവ് തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്റ്റേഷനാണ് റെയിൽ‌‌വേ സ്റ്റേഷന് രണ്ട് കിലോമീറ്റർ ചുറ്റളവിനുള്ളിൽ സ്ഥിതി ചെയ്യുന്ന എൻജിനിയറിംഗ് കോളേജ് അടക്കം പതിഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒരുപോലെ ആശ്രയിക്കുന്നതാണ്. കൂടാതെ ചീരങ്കാവ് ഈ.എസ്.ഐ.സി ആശുപത്രി, എഴുകോൺ വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് അടക്കമുള്ള മറ്റ് സർക്കാർ ഓഫീസുകളും റെയിൽ‌വേ സ്റ്റേഷന്റെ അരകിലോമീറ്റർ പരിധിയിലാണ് സ്ഥിതി ചെയ്യുന്നത്.

ഹാൾട്ട് സ്റ്റേഷൻ ആക്കിയാൽ

. റെയിൽവേ ജീവനക്കാരെ ഒഴിവാക്കി കരാർ നിയമനം നടക്കും.

. പാസഞ്ചറുകൾക്ക് മാത്രം സ്റ്റോപ്പ്.

. പാഴ്സൽ സൗകര്യം ഇല്ലാതാകും .

തൊട്ടടുത്ത സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റ് വാങ്ങി വിതരണം ചെയ്യും

ടിക്കറ്റ് എക്സ്റ്റെൻഷൻ,​കാൻസൽ ,​ റീഫണ്ട് എന്നിവ നടക്കില്ല

വികസന പ്രവർത്തനങ്ങൾ നടക്കില്ല

പുതിയ സ്റ്റോപ് അനുവദിക്കില്ല

ഇവിടെ ടിക്കറ്റ് റിസർവേഷൻ സംവിധാനം കൊണ്ട് വരണം എന്നത് യാത്രക്കാരുടെ വർഷങ്ങളായിട്ടുള്ള ആവശ്യമാണ്. റെയിൽ‌വേ വകുപ്പിന് എഴുകോണിൽ സ്വന്തമായി 36 ഏക്കറോളം ഭൂമി ഉണ്ട്. കൊല്ലം ഗുഡ്സ് ഗോഡൗൺ മാറ്റി സ്ഥാപിക്കനോ ,റെയിൽ‌വേ നഴ്സിംഗ് കോളേജ് അടക്കമ്മുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനൊ ആവിശ്യമായ സ്ഥല സൗകര്യം ഉണ്ടായിട്ടും അത് ഉപയോഗികാതെ റെയിൽ‌വേ സ്റ്റേഷൻ തരംതാഴ്ത്താനുള്ള നീക്കം അപലപനീയമാണ്. തരം താഴ്ത്താതിരിക്കൻ എം.പി അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ ഇടപെടണം.

റെയിൽവേ യാത്രക്കാർ