kollam

കൊല്ലം: നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെ നഗരത്തിലെ മത്സരച്ചിത്രം തെളി‌ഞ്ഞു. 55 നഗരസഭാ ഡിവിഷനുകളിലായി 231 പേരാണ് മത്സരരംഗത്തുള്ളത്. ഇതിൽ 115 സ്ത്രീകളും 116 പുരുഷന്മാരും ഉൾപ്പെടും. 340 പേരാണ് നഗരസഭയിലേക്ക് ആകെ പത്രിക സമർപ്പിച്ചത്. ഇതിൽ 15 പേരുടെ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളിപ്പോയിരുന്നു. ബാക്കി 94 പേർ ശനി, തിങ്കൾ ദിവസങ്ങളിലായാണ് പത്രിക പിൻവലിച്ചത്. നഗരത്തിലെങ്ങും എൽ.ഡി.എഫിന് കാര്യമായി റിബൽ ഭീഷണിയില്ല. എന്നാൽ യു.ഡി.എഫിന് പതിവുപോലെ ഇത്തവണയും റിബൽ ശല്യമുണ്ട്.

അദ്യ റൗണ്ട് പിന്നിട്ട് സ്ഥാനാർത്ഥികൾ

മുന്നണി സ്ഥാനാർത്ഥികളെല്ലാം ആദ്യറൗണ്ട് പ്രചാരണം എന്ന നിലയിൽ ഡിവിഷനിലെ എല്ലാ വീടുകളും കയറിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ എല്ലാ മുന്നണികളും കുടുംബയോഗങ്ങളിലേക്ക് കടക്കും. ഇതിനൊപ്പം ആടിനിൽക്കുന്ന വോട്ടുകൾ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കും. പ്രധാന നേതാക്കൾ വരും ദിവസങ്ങളിൽ കുടുംബയോഗങ്ങളിൽ പങ്കെടുക്കാൻ എത്തും. ഡിവിഷനുകളിലെ കാറ്റ് എങ്ങോട്ടാണെന്ന് പരസ്യമായി വെളിപ്പെട്ടിട്ടില്ലെങ്കിലും സ്ഥാനാർത്ഥികൾക്കും പാർട്ടി പ്രവർത്തകർക്കും ഏകദേശചിത്രം വ്യക്തമായിട്ടുണ്ട്.

ഡെമ്മികളെ അനുനയിപ്പിച്ച്......

പത്രിക പിൻവലിച്ചവരിൽ അധികവും മുന്നണി സ്ഥാനാർത്ഥികളുടെ ഡെമ്മികളാണ്. പത്രിക പിൻവലിച്ചവരുടെ കൂട്ടത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് റിബലുകളുമുണ്ട്. കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവർ അഭ്യർത്ഥിച്ചതോടെയാണ് കിളികൊല്ലൂരിലെ യു.ഡി.എഫ് റിബലായ മുൻ കൗൺസിലർ ലൈലാകുമാരി ഇന്നലെ പിന്മാറിയത്. സി.പി.ഐ സംസ്ഥാന സെന്റർ ഇടപെട്ടതോടെ കടപ്പാക്കടയിലെ എൽ.ഡി.എഫ് റിബലും പിന്മാറി.

നഗരസഭാ ഡിവിഷനുകൾ: 55

മത്സരരംഗത്തുള്ളത്: 231

സ്ത്രീകൾ: 115

പുരുഷന്മാർ: 116

ആകെ പത്രിക സമർപ്പിച്ചത്: 340