വീട് വയ്ക്കുമ്പോൾ നാഭിയും സ്ഥാനവും കണ്ടെത്തുന്നതിനൊപ്പം കല്ലിടുന്നതിനും കട്ടിള വയ്ക്കുന്നതിനും അതീവശ്രദ്ധ വയ്ക്കുകയും വേണം. ഓരോരുത്തരുടെയും വീടിന് കല്ലിടേണ്ടത് വീട്ടിലുള്ളവർ തന്നെയാകണം. സമയം നോക്കുന്നത് അവരവരുടെ ഇഷ്ടം പോലെ ആവാം. വീടിന് കല്ലിടുന്നതിനും കട്ടിള വയ്ക്കുന്നതിനും ജന്മമാസം വന്നാൽ കുഴപ്പമെന്ന് പറയുന്നവരുണ്ട്. അങ്ങനെയൊന്നുമില്ല. ഗൃഹപ്രേവശനത്തിനോ കല്യാണത്തിനോ മാത്രമാണ് ജന്മമാസം നോക്കുന്ന വിശ്വാസം കേരളത്തിൽ കണ്ടുവരുന്നത്. കല്ലിടലിന് പ്രത്യേക പൂജകളുടെ ആവശ്യവുമില്ല. ചിലർ ക്ഷേത്രത്തിലോ പള്ളിയിലോ പൂജ ചെയ്തതോ ശുദ്ധി ചെയ്തതോ ആയ കല്ലുകൾ സ്ഥാപിക്കാറുണ്ട്. അത് വിശ്വാസം പോലെയാകാം. പക്ഷേ കല്ലിടുമ്പോൾ വാസ്തുശാസ്ത്രപരമായി നോക്കേണ്ട പ്രധാനകാര്യം രണ്ട് കല്ലിടണമെന്നുള്ളതാണ്. ചിലർ ഒരുശിലയാണ് സ്ഥാപിക്കാറുള്ളത്. പക്ഷേ ഉചിതം രണ്ട് ശിലയാണ്. കല്ല് സ്ഥാപിക്കേണ്ടത് തെക്കു പടിഞ്ഞാറിലാണ്. തെക്കും പടിഞ്ഞാറുമായാലെ തെക്കുപടിഞ്ഞാറെ കന്നിമൂലയാവൂ. അപ്പോൾ തെക്കോട്ടും പടിഞ്ഞാറോട്ടും വരും വിധത്തിൽ രണ്ടു ശിലകൾ സ്ഥാപിക്കണം. ഇതിൻ മേലായിരിക്കണം അടുത്തവ കെട്ടിപ്പോകുകയോ കോൺക്രീറ്റോ പില്ലറുകളോ സ്ഥാപിക്കുകയോ ചെയ്യേണ്ടത്.
കല്ലിട്ട് അടിസ്ഥാനവും ഫൗണ്ടേഷനും ചെയ്താൽ പിന്നീട് വേണ്ടത് കട്ടിള വയ്പാണ്. വടക്കൻ മലബാറിൽ അത് നല്ല ആഘോഷമാക്കി തന്നെ ചെയ്യാറുണ്ട്. തെക്കൻ കേരളത്തിലും ചടങ്ങിന് പ്രാധാന്യമുണ്ട്. ആഘോഷമില്ലെന്ന് മാത്രം. വടക്കൻ കേരളത്തിൽ കെട്ടിടത്തിന്റെ നിർമ്മാണം കഴിഞ്ഞ് കട്ടിളയും ജനാലയും നിശ്ചിത സ്ഥാനം ഒഴിച്ചിട്ട് വയ്ക്കുന്ന രീതിയുമുണ്ട്. ഇതിനേക്കാൾ നല്ലത് തെക്കൻ കേരളത്തിലെ രീതി തന്നെയാണ്.
പ്രധാന കട്ടിള വയ്ക്കുമ്പോൾ കിഴക്ക് ദിശയിലേയ്ക്കോ വടക്കു ദിശയിലേയ്ക്കോ നിൽക്കുന്ന വീടാണെങ്കിൽ അത് പരമാവധി ഈശാന കോണിലേയ്ക്ക് വച്ചാൽ ഏറ്റവും നന്നായിരിക്കും. ഓരോ ദിശയുടെയും ഉച്ചസ്ഥാനത്തായി ക്രമീകരിക്കണമെന്നു സാരം. ചിലർ നേർ മധ്യത്ത് വയ്ക്കാറുണ്ട്. അത് ഒഴിവാക്കുന്നതാണ് ഉത്തമം. അതായത് നേർ മധ്യത്താവുമ്പോൾ ബ്രഹ്മ സൂത്രം അസ്വസ്ഥതപ്പെടാനിടയുണ്ട്. നേർ മധ്യത്ത് ഒഴിവാക്കി അതാത് ദിശയുടെ ഉച്ചസ്ഥായിയിലേയ്ക്ക് ക്രമീകരിക്കണം. ആ ക്രമീകരണം വീടിനുള്ളിലെ പ്രാണികോർജവിതാനത്തിന്റെ ആദ്യ ക്രമീകരണമായി മാറിക്കൊള്ളും. പ്രധാന കട്ടിള ആര് വയ്ക്കണമെന്നും തുടർച്ചയായി വായനക്കാർ ചോദിക്കാറുണ്ട്. നമുക്ക് വേണ്ടി ഏറ്റവും നന്നായി പ്രാർത്ഥിക്കാൻ അല്ലെങ്കിൽ നന്നായി വരട്ടെയെന്ന് പറയാൻ നമുക്ക് മാത്രമെ കഴിയൂ. അത് മറ്റൊരാൾ ചെയ്യുന്നതിനെക്കാൾ ഉത്തമം അവനവൻ ചെയ്യുന്നതാണ്. അതായത് വീടിന്റെ ഉടമസ്ഥർ തന്നെ പ്രധാനവാതിലിന്റെ കട്ടിള വയ്ക്കുന്നതാണ് ഉത്തമം. വീട്ടിലെ എല്ലാ അംഗങ്ങളും ചേർന്നു കട്ടിള പിടിച്ചു വയ്ക്കുന്നതും നല്ല ഫലം തരും. കട്ടിളയുടെ അടിയിൽ സ്വർണ ശകലമോ നാണയമോ വയ്ക്കാം. അത് അവരവരുടെ വിശ്വാസം പോലെയാകാം. പഞ്ചശിരസ് വയ്ക്കണമെന്നൊക്കെ ചിലർ പറയാറുണ്ട്. ചെലവ് കൂട്ടുമെന്നല്ലാതെ യാതൊരു ഗുണവും അതു കൊണ്ടില്ല. ചന്ദനവും പൂമാലയുമൊക്കെ ചാർത്തുന്നതും അവരവരുടെ ഇഷ്ടത്തിന് ആവാം. ആദ്യ കട്ടിള വച്ചു കഴിഞ്ഞാൽ അടുത്തത് വയ്ക്കേണ്ടത് കന്നിമുറിയിലെ കട്ടിളയാണ്. ബാക്കിയുള്ളത് ക്രമം പോലെ ചെയ്യാം. ജനാലയുടെ വിന്യാസമാണ് അടുത്തത്. അതിസൂഷ്മതയും കണിശമായ ഊർജപരിശോധനയും വേണം. അതേപ്പറ്റി അടുത്ത ആഴ്ച.