തിരുവനന്തപുരം: സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിൽ ആൾക്ഷാമം! രഹസ്യാന്വേഷണവിഭാഗത്തിൽ ആവശ്യമായത്ര പൊലീസ് സേനാംഗങ്ങളില്ലാതായിട്ട് മാസങ്ങൾ പലത് കഴിഞ്ഞെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം നിയമനത്തിന് നടപടിയൊന്നുമുണ്ടായില്ല. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇൻറലിജൻസ് സേനാവിഭാഗത്തിലെ പലർക്കും ഒന്നിലധികം സ്റ്റേഷനുകളുടെ ചുമതല വഹിക്കേണ്ട സ്ഥിതിവിശേഷമാണുള്ളത്.
നിർണായക വിവരങ്ങൾ ലഭിക്കുന്നില്ല
സംസ്ഥാനത്തെ പല സ്റ്റേഷനുകളിലും ഇതാണ് സ്ഥിതിയെങ്കിലും 57 സ്റ്റേഷനുകളിലാണ് സ്ഥിതി രൂക്ഷം. ഒന്നിലേറെ സ്റ്റേഷനുകളുടെ ചുമതല നോക്കേണ്ടിവരുന്നതിനാൽ ഇതുമൂലം കാര്യക്ഷമത കുറയുന്നു എന്ന് മാത്രമല്ല, പല നിർണായക വിവരങ്ങളും കിട്ടാതെ പോകുകയും ചെയ്യുന്നു. തിരുവനന്തപുരത്ത് രാഷ്ട്രീയ കൊലപാതകമുണ്ടായ ശ്രീകാര്യമുൾപ്പെടെ തന്ത്രപ്രധാനമായ അഞ്ച് സ്റ്റേഷനുകളിൽ ഇത്തരത്തിൽ അധിക ചുമതലക്കാരാണ് രഹസ്യനിരീക്ഷണം നടത്തുന്നത്. മറ്റുചില ജില്ലകളിലെ സ്റ്റേഷനുകളിലും ഇതാണ് സ്ഥിതി.
ഫീൽഡ് സ്റ്റാഫുകളുടെ അഭാവം പ്രവർത്തനത്തെ ബാധിക്കും
ക്രമസമാധാന പ്രശ്നങ്ങളും തീവ്രവാദ വിധ്വംസക പ്രവർത്തനങ്ങളും വർഗീയ സംഘർഷങ്ങളും രഹസ്യമായി നീരീക്ഷിച്ചറിഞ്ഞ് മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യേണ്ട ഫീൽഡ് സ്റ്റാഫുകളുടെ അഭാവം ഇന്റലിജൻസ് പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും മൂലമുണ്ടായ ഒഴിവുകൾ യഥാസമയം നികത്താതെപോയതും പുതുതായി ആരംഭിച്ച സ്റ്റേഷനുകളിലേക്ക് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ നിയമനം നടത്താത്തതുമാണ് ആൾക്ഷാമത്തിന് കാരണം.
ക്രമസമാധാന പാലനത്തിലെ പിഴവുകളും അറിയുന്നില്ല
ഓരോ സ്റ്റേഷനുകളിലും ഓരോ പൊലീസുദ്യോഗസ്ഥർക്കാണ് ഇന്റലിജൻസ് ചുമതല. സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയും ക്രമസമാധാന പാലനത്തിലെ പിഴവുകൾ, കൃത്യവിലോപം, പെരുമാറ്ര ദൂഷ്യം, അഴിമതി തുടങ്ങിയവ അപ്പപ്പോൾ മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യേണ്ട ചുമതല ഇവർക്കാണ്. ഇതുകൂടാതെ സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങൾ സന്ദർശിച്ച് വിവരങ്ങൾ മുന്നറിയിപ്പുകളായി നൽകേണ്ടതും ഇവർ തന്നെ. ലഹരിമരുന്ന് സംഘങ്ങൾ, ഗുണ്ടകൾ, കള്ളക്കടത്ത് - കവർച്ചാ സംഘങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങളും നിരീക്ഷിക്കണം. വി.ഐ.പികൾ താമസിക്കുന്ന മേഖലകൾ നിരീക്ഷിച്ച് സുരക്ഷാപിഴവുകളുണ്ടെങ്കിൽ അത് മേലധികാരികളെ ബോദ്ധ്യപ്പെടുത്തേണ്ടതും ഇവരാണ്.
കന്റോൺമെന്റും പേരൂർക്കടയും പ്രശ്നസ്റ്റേഷനുകൾ
മന്ത്രിമാരുൾപ്പെടെയുളള വി.ഐ.പികൾ പങ്കെടുക്കുന്ന പരിപാടി സ്ഥലങ്ങൾ മുൻകൂട്ടി നിരീക്ഷിക്കേണ്ടതും വേദി പങ്കിടുന്നവരെ തിരിച്ചറിഞ്ഞ് കുഴപ്പക്കാരെപ്പറ്റിയുള്ള വിവരങ്ങൾ അറിയിക്കേണ്ട ഉത്തരവാദിത്വവുമുണ്ട്. ഇത്തരത്തിൽ രാപകൽ ഭേദമില്ലാതെ കണ്ണും കാതും കൂർപ്പിച്ചിരിക്കേണ്ട ഇന്റലിജൻസ് വിഭാഗം ആളില്ലാതെ അമിതജോലിഭാരത്താൽ തളരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഓണം സീസണിലും മറ്റും വിശ്രമമില്ലാത്ത ജോലിയിലായിരുന്നു ഇവർ.
അധികാര പരിധിയും ക്രമസമാധാന പ്രശ്നങ്ങളും വർദ്ധിച്ച സ്റ്റേഷനുകൾ നിരവധിയുണ്ട്.
തിരുവനന്തപുരം നഗരത്തിലെ കന്റോൺമെന്റ്, മ്യൂസിയം, പേരൂർക്കട സ്റ്റേഷനുകളൊക്കെ ഈ പട്ടികയിൽപെടും. ദിവസം കുറഞ്ഞത് രണ്ട് ഡസനിലധികം സമരങ്ങളും പ്രതിഷേധങ്ങളും പൊതുപരിപാടികളും നടക്കുന്ന ഇവിടങ്ങളിൽ അത് നിരീക്ഷിക്കാൻ മാത്രം ഒരാൾവേണം. അപ്പോൾ മറ്റ് കാര്യങ്ങളിൽ സഹായത്തിനായി തിരക്ക് കുറഞ്ഞ ഏതെങ്കിലും സ്റ്റേഷനുകളിൽ നിന്ന് ഒരാളെ അധികമായി ചുമതലപ്പെടുത്താറുണ്ട്. ഉള്ള ജോലി തന്നെ നേരാംവിധം പൂർത്തിയാക്കാൻ കഷ്ടപ്പെടുമ്പോൾ അധിക ചുമതല കൂടി വഹിക്കേണ്ടിവരുന്നത് ഇന്റലിജൻസ് ഉദ്യോഗസ്ഥരിൽ അമർഷത്തിനിടയാക്കുന്നുണ്ട്. ജോലി ഭാരത്തിനിടെ അറിഞ്ഞോ അറിയാതെയോ ഉണ്ടാകുന്ന പിഴവുകൾക്ക് മേലുദ്യോഗസ്ഥരുടെ ശാസനയും നടപടികളും ഏറ്റുവാങ്ങേണ്ടിവരുന്നത് ഇവരുടെ മനോവീര്യം തകർക്കാനും കാരണമാകുന്നു.
''
ചില സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥരുടെ അഭാവമുണ്ട്. എന്നാൽ, അത് ഇന്റലിജൻസ് പ്രവർത്തനത്തെ ബാധിക്കുന്നതായ ആക്ഷേപം ശരിയല്ല. ചെറിയ സ്റ്റേഷനുകളിൽ നിന്ന് (ക്രമസമാധാനപ്രശ്നങ്ങളും അധികാര പരിധിയും കുറഞ്ഞ) ഡ്യൂട്ടിക്കാരെ ഇവിടങ്ങളിലേക്ക് അധിക ചുമതല നൽകി നിയോഗിച്ചാണ് ഇത്തരം സാഹചര്യങ്ങൾ മറികടക്കുന്നത്. ഒഴിവുകൾ നികത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഡി.ഐ.ജി, ഇന്റലിജൻസ്