നടപടി ഉണ്ടായില്ലെങ്കിൽ തിരഞ്ഞെപ്പ് ബഹിഷ്കരിക്കും
വഴിയും വെളിച്ചവും വെള്ളവുമില്ല
ഓടനാവട്ടം: പൊതുവഴിയില്ല, കുടിവെള്ളമില്ല എന്തിന് തെരുവ് വിളക്ക് പോലും കത്തുന്നില്ല. ഞങ്ങലും മനുഷ്യരല്ലേ, നീതികിട്ടില്ലേ എന്നാണ് വെളിയം പഞ്ചായത്തിൽ അമ്പലത്തുംകാല കാവുംകോട് വേടർ കോളനി നിവാസികൾ ഒന്നടങ്കം ചോദിക്കുന്നത്. ഇന്നോ ഇന്നലെയോ തുടങ്ങിയ ദുരിതമല്ല. വർഷങ്ങളായിട്ട് ഇതാണ് അവസ്ഥ. ജനപ്രതിനിധികളോ,പൊതുപ്രവർത്തകരോ ഒന്നും ഇവരുടെ പരാതികൾക്ക് പരിഹാരമെത്തിക്കുന്നില്ല.
പൊതുവഴി ഇല്ലാതാക്കി
വർഷങ്ങൾക്ക് മുൻപ് പഞ്ചായത്തും പൊലീസും ചേർന്ന് കോളനി നിവാസികൾക്ക് 1.60 മീ. വീതിയിൽ വഴി അളന്ന് തിട്ടപ്പെടുത്തി നൽകിയിരുന്നു. ആ വഴിയുടെ ഇപ്പോഴത്തെ ആവസ്ഥ കണ്ടാൽ ആരും മൂക്കത്ത് വിരൽ വച്ചുപോകും. കഷ്ടിച്ച് ഒരാൾക്ക് നടന്നുപോകാൻ പോലും കഴിയാത്തവിധം പ്രദേശ വാസികളായ ചിലർ കയ്യേറി സഞ്ചാര യോഗ്യമല്ലാതാക്കി. പ്രായമായവരും കുട്ടികളുമടക്കം സാഹസികമായിവേണം ഇതിലേ യാത്ര ചെയ്യാൻ. രോഗികളേയോ , ഗർഭിണികളേയോ ആശുപത്രിയിലെത്തിക്കണമെങ്കിൽ ഒരു മാർഗവും ഇല്ല. ഒന്ന് കാലുതെറ്റിയാൽ താഴ്ച്ചയുള്ള കുഴിയിലേക്ക് വീണ് മരണം ഉറപ്പ്. കോളനി നിവാസികൾ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന വഴി പുനഃ സ്ഥാപിച്ച് നൽകണമെന്നും വഴി വിളക്കുകൾ കത്തിക്കണമെന്നും കുടിവെള്ളം എത്തിക്കണം എന്നുമാണ് അവർ ആവശ്യപ്പെടുന്നത് നടപടി ഉണ്ടായില്ലെങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കാനാണ് തീരുമാനം.
കുടിവെള്ളമില്ല
കൊട്ടാരക്കര ബ്ലോക്കിൽ നിന്ന് നൽകിയ കിണറുണ്ട്. പൈപ്പും ഉണ്ട്. പക്ഷേ ഒരു തുള്ളി വെള്ളം കിട്ടില്ല.
വർഷങ്ങളായുണ്ടായിരുന്ന ഞങ്ങളുടെ പൊതു വഴി ഇപ്പോൾ ഇല്ല. പഞ്ചായത്ത് അളന്ന് തന്നതായിരുന്നു. കൊട്ടാരക്കര ബ്ലോക്ക് തന്ന കിണറാണുള്ളത്. ഒരു തുള്ളി ശുദ്ധ ജലം കിട്ടില്ല. പൈപ്പ് തന്നെങ്കിലും അതിലും വെള്ളം വരില്ല. തെരുവ് വിളക്ക് ഒരിക്കലും കത്തിക്കാറില്ല. ഞങ്ങളും മനുഷ്യരല്ലേ. ഞങ്ങൾക്ക് നീതി കിട്ടണം.
ഗീത, കുന്നുംപുറത്തു വീട്, കാവും കോഡ് കോളനി, ആശാൻമുക്ക്
ഞങ്ങളുടെ പൂർവികർ മുതൽ ഉപയോഗിച്ച് വന്ന റോഡാണിത്. ഞങ്ങൾക്ക് പുറത്തു പോകാൻ വേറെ മാർഗമില്ല. വീട്ടിലെ പ്രായം ചെന്നവർക്കും രോഗികൾക്കുംഇത് വഴി നടക്കാൻ കഴിയില്ല. ഒന്ന് കാൽ തെറ്റിയാൽ താഴ്ചയുള്ള കുഴിയിൽ വീണ് മരിക്കും. സർവ അധികാരികൾക്കും പരാതികൾ നൽകി യെങ്കിലും പരിഹാരം ഇല്ല. അംബിക, കാവുംകോട് കുന്നുംപുറം വീട്. വേടർ കോളനി, ആശാൻ മുക്ക് ..