ഓച്ചിറ: കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസിലെ സഞ്ചരിക്കുന്ന സ്രവപരിശോധന യൂണിറ്റും ഓച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി ഓച്ചിറ മാർക്കറ്റിൽ കൊവിഡ് സ്രവ പരിശോധന നടത്തി. 200 പേരിൽ രണ്ടുപേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. മണ്ഡലവ്രതം ആരംഭിച്ചതോടെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഭക്തജനങ്ങൾ ഓച്ചിറയിലും പരിസരപ്രദേശങ്ങളിലും എത്തിയതിനാൽ കൊവിഡ് സമൂഹ വ്യാപന സാദ്ധ്യത ഭയന്നിരുന്നു. എന്നാൽ ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും സമയോചിതമായ ഇടപെടൽ കാരണം വളരെ ചിട്ടയോടെ കൂടിയാണ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്. സമൂഹ രോഗസംക്രമണ സാദ്ധ്യത മനസിലാക്കുന്നതിനുവേണ്ടി ഓട്ടോ ,ടാക്സിഡ്രൈവർമാർ, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ആശുപത്രി ആംബുലൻസ് ജീവനക്കാർ, പൊലീസ് ഉദ്യോഗസ്ഥരും വാളണ്ടിയർമാരും, ഹെഡ് ലോഡ് തൊഴിലാളികൾ, വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പൊതുജനങ്ങളുമായി സമ്പർക്കം വരുന്നവരെയാണ് കൊവിഡ് 19 ആന്റിജൻ പരിശോധന നടത്തിയതെന്ന് ഓച്ചിറ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഡി. സുനിൽകുമാർ പറഞ്ഞു. ഹെൽത്ത് സൂപ്പർവൈസർ ടി.ഗോപിനാഥ് , ഹെൽത്ത് ഇൻസ്പെക്ടർ പി. സി .മധുകുമാർ, ഡോ. റമീസ്, സ്റ്റാഫ് നഴ്സുമാരായ ഷെറിൻ, ജെസി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹരികുമാർ, ജി. ബിജോയ്, വ്യാപാരി വ്യവസായി ഓച്ചിറ യൂണിറ്റ് സെക്രട്ടറി ജേക്കബ്, പ്രസിഡന്റ് എൻ. ഇ . സലാം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.