ss-samithi
എസ്.എസ്.സമിതിയിൽ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന നൈവ കാത്തുവിനെ യു.പിയിൽ നിന്നെത്തിയ മകനെ ഏൽപ്പിക്കുന്നു

കൊല്ലം : എസ്.എസ് സമിതി അന്തേവാസിയായ നൈവ കാത്തുവിനെ (60)​ ഉത്തർ പ്രദേശിലെ സ്വന്തം വീട്ടിലെത്തിക്കാനായി മകൻ അബീദ് അലി കൊല്ലത്തെത്തി. ഇതരസംസ്ഥാനക്കാരായ അന്തേവാസികളുടെ ബന്ധുക്കളെ കണ്ടെത്താൻ സമിതിയെ സഹായിക്കുന്ന ആസ്പയറിംഗ് ലൈവ്‌സ് മാനേജിംഗ് ട്രസ്റ്റി മനീഷാണ് നൈവ കാത്തുവിന്റെ മകനെ കണ്ടെത്തിയത്. യു.പി ലക്ഷ്മിപൂർ സ്വദേശി പരേതനായ മൻസൂർ അലിയാണ് നൈവയുടെ ഭർത്താവ്. മകൻ അബീദ് അലിയും മകൾ ഷബാന കാത്തുവും വിവാഹിതരാണ്. മാനസിക ആരോഗ്യക്കുറവിന് ചികിത്സ തേടിയിരുന്ന നൈവ വീടുവിട്ടിറങ്ങുന്നതും ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ തിരികെയെത്തുന്നതും പതിവായിരുന്നു. 2020 മാർച്ച് 11നാണ് അവസാനമായി വീടുവിട്ടിറങ്ങിയത്. മാസങ്ങൾ പിന്നിട്ടിട്ടും തിരികെയെത്താത്തതിനാൽ പൊലീസിൽ പരാതി നൽകിയിരുന്നെന്നും മകൻ പറഞ്ഞു.
2020 ജൂൺ 29നാണ് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസറുടെ ശുപാർശയനുസരിച്ച് നൈവയ്ക്ക് എസ്.എസ് സമിതി അഭയം നൽകിയത്. ഇവരെ അവശനിലയിൽ നാട്ടുകാരാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഒരുമാസത്തെ ചികിത്സയ്ക്കു ശേഷം നൈവയെ ഏറ്റെടുക്കാൻ ആരും വരാതായതോടെയാണ് എസ്.എസ് സമിതി സഹായവുമായെത്തിയത്. ഇവർക്കാവശ്യമായ തുടർ ചികിത്സയും എസ്.എസ്. സമിതിയിൽ നൽകിയിരുന്നു. നൈവ സ്വന്തം സ്ഥലവും ബന്ധുക്കളുടെ പേരും പറഞ്ഞതാണ് വഴിത്തിരിവായത്. അഞ്ചുമാസം തന്നോട് സ്‌നേഹത്തോടെ പെരുമാറിയ എസ്.എസ്.സമിതി ജീവനക്കാരോട് യാത്ര പറഞ്ഞിറങ്ങിയപ്പോൾ നൈവ കാത്തുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

തെരുവിൽ അലയുന്ന എല്ലാവരെയും ഏറ്റെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സ്ഥല പരിമിതിയും മറ്റ് അസൗകര്യങ്ങളുമാണ് പ്രശ്നം. എസ്.എസ് സമിതിയിലുള്ളവരുടെ ബന്ധുക്കളെ കണ്ടത്താനുള്ള ശ്രമം തുടരുകയാണ്.

ഫ്രാൻസിസ് സേവ്യർ, എസ്. എസ്. സമിതി മാനേജിംഗ് ട്രസ്റ്റി