ശാസ്താംകോട്ട: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നണികൾക്ക് നിർണായകമാണ്. കുന്നത്തൂർ താലൂക്കിലെ ഏഴു പഞ്ചായത്തുകളിൽ കുന്നത്തൂർ പഞ്ചായത്ത് ഒഴികെ ആറു പഞ്ചായത്തിലും ഇടതുപക്ഷമാണ് ഭരിക്കുന്നത്. 2010 ൽ നടന്ന ത്രിതല പഞ്ചായത്തിൽ അഞ്ച് പഞ്ചായത്തിലും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലും യു.ഡി.എഫ് ഭരണമായിരുന്നു. 2015 ൽ ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണം ഉൾപ്പടെ ഏഴ് പഞ്ചായത്തും ഇടതുപക്ഷം പിടിച്ചു .പിന്നീട് ഇടതു മുന്നണിയിലെ തർക്കം മുതലെടുത്ത് ബി.ജെ.പി പിന്തുണയോടെ കുന്നത്തൂർ പഞ്ചായത്തിലെ ഭരണം യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. പഞ്ചായത്തുകളിലെ അധികാരം പിടിച്ചെടുക്കാൻ ഇത്തവണ കരുതലോടെയാണ് യു.ഡി.എഫ് നീങ്ങുന്നത്.ഗ്രൂപ്പുപോരും കാര്യമായ വിമത ഭീഷണികളുമില്ലാതെയാണ് ഇത്തവണ യു.ഡി.എഫ് ഇലക്ഷനെ നേരിടുന്നത്. സ്ഥാനാർത്ഥികളായി കൂടുതൽ യുവാക്കളെ മത്സരിപ്പിക്കാൻ യു.ഡി.എഫ് തയ്യാറായതും ഘടകകക്ഷികൾ പാർട്ടി തിരിഞ്ഞ് മത്സരിക്കാതെ മുന്നണിയായി തിരഞ്ഞെടുപ്പിനെ നേരിടുന്നതും യു.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നു.
ഐക്യത്തോടെ ഇടത് മുന്നണി
സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ പദ്ധതികൾ തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് ഇക്കുറി ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. താലൂക്കിന്റെ വിവിധ മേഖലയിൽ കിഫ് ബി പദ്ധതിയിലൂടെ നവീകരിച്ച റോഡുകളും ,ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതികളും പ്രചരണമാക്കിയാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പിനെത്തുന്നത്.കഴിഞ്ഞ തവണത്തെ വിജയം ആവർത്തിച്ച് ഏഴ് പഞ്ചായത്തുകളിലും ഭരണം നിലനിറുത്താൻ ഇടതുപക്ഷം അഭിമാന പോരാട്ടമാണ് നടത്തുന്നത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള ആർ.എസ്.പി.(എൽ) ന് ബ്ലോക്ക് ഡിവിഷൻ ഉൾപ്പടെ വിട്ടു നൽകി ഐക്യത്തോടെയാണ് ഇടത് മുന്നണി നീങ്ങുന്നത്. കഴിഞ്ഞ തവണ നാല് പഞ്ചായത്തിൽ സാന്നിദ്ധ്യമറിയിക്കാൻ കഴിഞ്ഞതും പോരുവഴിയിൽ നാല് സീറ്റു നേടി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാകാൻ കഴിഞ്ഞതിന്റെയും ആത്മവിശ്വാസത്തിലാണ് ബി.ജെ.പി യുടെ നേതൃത്തിൽ എൻ.ഡി.എയും മത്സര രംഗത്തുള്ളത്. ശബരിമലയും മോദി സർക്കാർ നടപ്പിലാക്കിയ പദ്ധതികളും ആയുധമാക്കി കൂടുതൽ യുവാക്കളെയും വനിതകളെയും സ്ഥാനാർത്ഥികളാക്കിയാണ് എൻ.ഡി.എ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കൊല്ലം ജില്ലയിൽ തന്നെ എസ്.ഡി.പി.ഐയ്ക്ക് വ്യക്തമായ വോട്ട് ബാങ്ക് ഉള്ള താലൂക്കാണ് കുന്നത്തൂര്. പോരുവഴി, ശൂരനാട് വടക്ക്, ശാസ്താംകോട്ട പഞ്ചായത്തുകളിൽ സാന്നിദ്ധ്യമറിയിച്ച എസ്.ഡി.പി.ഐ സിറ്റിംഗ് സീറ്റുകൾ നിലനിറുത്തി സീറ്റ് വർദ്ധിപ്പിച്ച് കരുത്ത് കാട്ടാൻ മത്സര രംഗത്ത് സജീവമാണ്.