കൊല്ലം: നഗരസഭാ ഭരണസമിതി അവസാനഘട്ടത്തിൽ ഒപ്പിട്ട കോഴിവേസ്റ്റ് കരാർ കളക്ടറുടെ നിർദ്ദേശമനുസരിച്ച് റദ്ദാക്കി. വ്യാപക പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കരാർ നിയമവിരുദ്ധമാണെന്ന് വ്യക്തമായതോടെയാണ് റദ്ദാക്കൽ. കളക്ടറുടെ നിർദ്ദേശപ്രകാരം പുതിയ കരാറിനുള്ള നടപടി നഗരസഭ ആരംഭിച്ചു. നഗരത്തിലെ കോഴിക്കടകളിൽ നിന്ന് മാലിന്യം ശേഖരിച്ച് സംസ്കരണത്തിനായി കൊണ്ടുപോകുന്നതിനുള്ള കരാറാണ് റദ്ദാക്കിയത്. കോഴിക്കടകളിൽ നിന്ന് ചെറിയ വാഹനങ്ങളിൽ ശേഖരിക്കുന്ന മാലിന്യം കന്റോൺമെന്റ് മൈതാനത്തെത്തിച്ച് വലിയ വാഹനങ്ങളിൽ കയറ്റിയാണ് സംസ്കരണത്തിനായി കൊണ്ടുപോകുന്നത്. മാലിന്യം വലിയ വാഹനത്തിലേക്ക് മാറ്റുന്നതിനിടെ സ്ഥലത്ത് തളം കെട്ടുന്ന രക്തവും ഉപേക്ഷിക്കുന്ന മാംസാവശിഷ്ടങ്ങളും മൈതാനത്ത് കിടന്ന് ചീഞ്ഞഴുകിത്തുടങ്ങി. അസഹ്യമായ ദുർഗന്ധം പരന്നതോടെ കളക്ടർക്ക് നിരവധി പരാതികൾ ലഭിച്ചു. ഇതോടെ കളക്ടർ നഗരസഭാ സെക്രട്ടറിയോട് വിശദീകരണം തേടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കരാർ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയത്.
കരാറിൽ ഒപ്പിട്ടത് ഹെൽത്ത് സൂപ്പർവൈസർ
മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയുള്ള സംസ്കരണശാലകളുമായി മാത്രമേ ഇത്തരം കരാറുകളിൽ ഏർപ്പെടാവൂ എന്നാണ് ചട്ടം. ശേഖരിക്കുന്ന മാലിന്യം എവിടെയാണ് സംസ്കരിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന് നിയമസഭാ പരിസ്ഥിതി സമിതിയും ശുപാർശ ചെയ്തിട്ടുണ്ട്. ഇതൊന്നും പാലിക്കാതെയാണ് ഇടനിലക്കാരനുമായി കരാറൊപ്പിട്ടത്. നഗരസഭയുടെ എല്ലാ കരാറുകളിലും സെക്രട്ടറിയാണ് ഒപ്പുവയ്ക്കുന്നത്. എന്നാൽ ഹെൽത്ത് സൂപ്പർവൈസറാണ് കോഴി വേസ്റ്റ് കരാറിൽ ഒപ്പിട്ടത്. ഇക്കാര്യങ്ങളടങ്ങിയ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നടപടി.
നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കും
കോഴിക്കട ഉടമകളിൽ നിന്ന് വലിയ തുക ഈടാക്കിയാണ് കരാറുകാരൻ മാലിന്യം ശേഖരിക്കുന്നത്. ഇതിന് അനുമതി നൽകുമ്പോൾ വാങ്ങുന്ന പണത്തിന്റെ നിശ്ചിത വിഹിതം നഗരസഭയ്ക്ക് നൽകണം. അതിനുള്ള വ്യവസ്ഥകൾ ഇല്ലാത്തതിനാൽ നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നത് കൂടിയായിരുന്നു കോഴി വേസ്റ്റ് കരാർ. നേരത്തേ അനുമതിയില്ലാതെയാണ് നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് കോഴിവേസ്റ്റ് ശേഖരിച്ച് കൈമാറിയിരുന്നത്. രണ്ട് വർഷം മുൻപ് ഈ സംവിധാനം നഗരസഭ ഇടപെട്ട് നിരോധിച്ചതാണ്.
അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം
ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതോടെ കളക്ടറാണ് നഗരഭരണം നിയന്ത്രിക്കുന്നത്. എല്ലാദിവസംവും കളക്ടർ നഗരസഭാ സെക്രട്ടറിയെ വിളിച്ച് ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്താറുണ്ട്. ഇതിന് പുറമേ കളക്ടറുടെ ചേംബറിൽ ആഴ്ചയിൽ മൂന്ന് ദിവസം നഗരസഭാ സെക്രട്ടറിയും സ്പ്രണ്ടിംഗ് എൻജിനിയറും അടങ്ങിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം ചേരാറുണ്ട്.
നിയമലംഘനം കണ്ടെത്തിയതോടെയാണ് കളക്ടറുടെ നേതൃത്വത്തിലുള്ള നഗരസഭാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കരാർ റദ്ദാക്കിയത്.
നൈസാം (നഗരസഭാ അഡീഷണൽ സെക്രട്ടറി)