കൊല്ലം: കഥകളി പിറന്ന മണ്ണിൽ കൊട്ടാരക്കര തമ്പുരാന്റെ പേരിലുള്ള ക്ളാസിക്കൽ കലാ മ്യൂസിയത്തിന് എന്നും അവഗണന. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപത്തെ കൊട്ടാരത്തിലെ മ്യൂസിയം നിലനിൽപ്പിനായി പൊരുതുകയാണ്. പുരാവസ്തു വകുപ്പിന്റെ കീഴിലാണ് കൊട്ടാരക്കര തമ്പുരാൻ സ്മാരക ക്ളാസിക്കൽ കലാമ്യൂസിയം. കഥകളിയെപ്പറ്റി കൂടുതൽ അറിയാൻ താത്പര്യമുള്ളവർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് മ്യൂസിയം. നവരസ ഭാവങ്ങളും കഥകളി രൂപങ്ങളുമൊക്കെ ഇവിടെ തയ്യാറാക്കിവച്ചിട്ടുണ്ട്. പുരാതന ഗ്രന്ഥങ്ങൾ, ആടയാഭരണങ്ങൾ, ലഘു വിവരണങ്ങൾ തുടങ്ങിയവയും വാളും പരിചയും ഉൾപ്പടെയുള്ള വിവിധ ഉപകരണങ്ങളുമുണ്ട്. പ്രവേശനം സൗജന്യമാണ്.
മേൽക്കൂര ചോർന്നൊലിയ്ക്കുന്നു
ഇത്രകാലവും ഇരുട്ട് നിറഞ്ഞ മുറികളായിരുന്നു മ്യൂസിയത്തിൽ. പ്രതിഷേധത്തെ തുടർന്ന് ആവശ്യമായ വെളിച്ചം സംവിധാനം ഏർപ്പെടുത്തി. എന്നാൽ കാലപ്പഴക്കം ചെന്ന കൊട്ടാരത്തിന്റെ മേൽക്കൂര ചോർന്നൊലിക്കുകയാണ്. ഇതോടെ പഴമയുടെ കാഴ്ചവസ്തുക്കളെല്ലാം നശിക്കുന്നു. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള മൂന്ന് സ്ഥിര ജീവനക്കാരുൾപ്പടെ ഏഴ് ജീവനക്കാരും ഇവിടെയുണ്ട്. കൊട്ടാരത്തെ ചൊല്ലിയുള്ള അവകാശത്തർക്കം ഇപ്പോഴും കോടതിയിലാണ്. ദേവസ്വം ബോർഡിന്റേതാണെന്നും പൊതുമുതലാണെന്നുമാണ് തർക്കം. പുരാവസ്തു വകുപ്പും ദേവസ്വം ബോർഡും തമ്മിലാണ് മുൻസിഫ് കോടതിയിൽ കേസ് നടക്കുന്നത്. ദേവസ്വം ബോർഡിന്റെ കൈവശമിരുന്നതാണെങ്കിലും ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ ഹാജരാക്കാൻ ബോർഡിന് കഴിഞ്ഞിട്ടില്ല. കേസ് കാരണം കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നുമില്ല.
സ്ഥിരം ആസ്ഥാനമില്ല
1983ൽ കൊട്ടാരക്കര തൃക്കണ്ണമംഗലിലെ വാടകക്കെട്ടിടത്തിലാണ് മ്യൂസിയം തുടങ്ങിയത്. ഈ കെട്ടിടത്തിൽ നിന്ന് കുടിയിറക്കുന്ന ഘട്ടമെത്തിയപ്പോഴാണ് പി.ഐഷാ പോറ്റി എം.എൽ.എയുടെ താത്പര്യപ്രകാരം സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന എം.എ.ബേബിയും ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന ജി.സുധാകരനും തമ്മിൽ ധാരണയുണ്ടാക്കി മ്യൂസിയം ദേവസ്വം ബോർഡിന്റെ കീഴിലുള്ള പൈതൃക കലാകേന്ദ്രത്തോടൊപ്പം ലയിപ്പിച്ചത്. 2011 മാർച്ച് 1ന് നവീകരിച്ച മ്യൂസിയം, മന്ത്രിയായിരുന്ന എം.എ.ബേബി ഉദ്ഘാടനം ചെയ്തു. എന്നാൽ റോഡിൽ നിന്നും കാണുന്ന തരത്തിൽ നാളിതുവരെ മ്യൂസിയത്തിന്റെ ഒരു ബോർഡ് വയ്ക്കാൻ പോലും കഴിഞ്ഞിട്ടില്ല.
കൊട്ടാരത്തിൽ നിന്നും മ്യൂസിയം മാറ്റേണ്ടിവരും
ഏത് നിമിഷവും കൊട്ടാരത്തിൽ നിന്നും മ്യൂസിയം മാറ്റേണ്ടിവരും. മിനി സിവിൽ സ്റ്റേഷന്റെ രണ്ടാംഘട്ട നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ഇതിന്റെ മുകളിലത്തെ നിലയിലേക്ക് മ്യൂസിയം മാറ്റാനായി ആലോചനകൾ നടന്നിരുന്നു. നിർമ്മാണം പൂർത്തിയായിട്ട് മാസങ്ങളാകുന്നു. എന്നാൽ മ്യൂസിയത്തിന്റെ കാര്യം ചർച്ചയിലില്ല. ഗണപതി ക്ഷേത്ര പരിസരത്തുതന്നെ സ്ഥിതി ചെയ്യുന്നതാണ് കൂടുതൽ ഉചിതമെന്നാണ് പൊതുവികാരം. ക്ഷേത്ര ദർശനത്തിനെത്തുന്നവരാണ് മ്യൂസിയം സന്ദർശിക്കാനെത്തുന്നതിൽ അധികവും. സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയാൽ ഭക്തരുടെ വരവ് നിലയ്ക്കുമെന്ന ആശങ്കയുമുണ്ട്. എന്നാൽ കൊട്ടാരം നവീകരിക്കുന്നതിനും മ്യൂസിയത്തിന് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കുന്നതിനും ആരും മുൻകൈയെടുക്കുന്നില്ല.