c
പടിഞ്ഞാറേ കല്ലടയിൽ വീടിന്റെ പിന്നാമ്പുറത്ത് വെള്ളം കെട്ടിനിൽക്കുന്നു

കൊല്ലം: മഴയിൽ തളംകെട്ടിയ ജലം ഒരാഴ്ചയായിട്ടും ഒഴുകിപ്പോകാത്തതിനാൽ പടിഞ്ഞാറേ കല്ലടയിലെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ. അയിത്തോട്ടുവ, കണത്താർകുന്നം, കെട്ടിടത്തിൽ ചരുവ്, കടപ്പാക്കുഴി, കോതപുരം എന്നീ മേഖലകളിലെ ഹെക്ടർ കണക്കിന് പ്രദേശത്ത് വെള്ളം കെട്ടിനിൽക്കുകയാണ്. മഴവെള്ളം വട്ടക്കായലിലേക്ക് ഒഴുകാനുള്ള വെട്ടിയതോട് ഭാഗത്തെയും കല്ലടയാറ്റിലേക്ക് ഒഴുകാനുള്ള വളഞ്ഞ വരമ്പ് ഭാഗത്തെയും ചീപ്പുകൾ തുറക്കാത്തതാണ് പ്രശ്നത്തിന് കാരണം. പ്രദേശവാസികൾക്ക് വീട്ടുമുറ്റത്തുപോലും കാലെടുത്ത് വയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള കക്കൂസ് മാലിന്യമുൾപ്പടെ വീട്ടുമുറ്റത്ത് ഒഴുകിപ്പരന്ന് കിടക്കുകയാണ്. പല സ്ഥലങ്ങളിലും വീട്ടിനുള്ളിലും വെള്ളം കയറിയിട്ടുണ്ട്. ഇതിനൊപ്പം സെപ്ടിക് ടാങ്കുകൾ പലതും പൊട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പലർക്കും പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാനാവാത്ത അവസ്ഥയാണ്. മലിനജലം കയറി നിരവധി കിണറുകളും ഉപയോഗശൂന്യമായി.

ചീപ്പ് തുറക്കാൻ ആളില്ല

ചെറുകിട ജലസേചന വകുപ്പിന്റെ കീഴിലാണ് ഇവിടുത്ത രണ്ട് ചീപ്പുകളും. നേരത്തേ താത്കാലിക അടിസ്ഥാനത്തിൽ പ്രദേശവാസികളെയാണ് ചീപ്പ് തുറക്കാനായി നിയമിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ദൂരെ സ്ഥലങ്ങളിലുള്ളവർക്കാണ് ചുമതല നൽകിയിരിക്കുന്നത്. പ്രദേശവാസികൾ എത്ര ദുരിതത്തിലായാലും ഇവർ ചീപ്പ് തുറക്കാനെത്തില്ല. വകുപ്പ് അധികൃതരും തിരിഞ്ഞ് നോക്കാറില്ലെന്നാണ് ആക്ഷേപം. കഴി‌ഞ്ഞ മൂന്ന് മാസത്തിനിടയിൽ ഒരു തവണ മാത്രമാണ് ചീപ്പ് തുറന്ന് വെള്ളം വിട്ടത്. അയിത്തോട്ടു, കോതപുരം എന്നിവിടങ്ങളിൽ കനാലുകൾ നികത്തിയതും വെള്ളക്കെട്ടിന് കാരണമായെന്ന് നാട്ടുകാർ പറയുന്നു.

കൃഷിനാശം വ്യാപകം

വെള്ളം കെട്ടിനിന്ന് മരച്ചീനി, വാഴ, ചേന, ചേമ്പ് തുടങ്ങിയ കൃഷികൾ പൂർണമായും അഴുകി നശിച്ചു. തെങ്ങിന് മഴക്കാലത്താണ് വേരുകൾ മുളയ്ക്കുന്നത്. ഓരു വെള്ളം കയറിയതിനാൽ പുതിയ വേരുകൾ നശിക്കുകയാണ്. മത്സ്യക്കൃഷി വ്യാപകമായി നടക്കുന്ന സ്ഥലമാണ് ഇവിടം. ഓരുവെള്ളം കെട്ടിക്കിടന്ന് മത്സ്യക്കൃഷി നശിക്കുന്നതിനാൽ കർഷകർ കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്.