കൊല്ലം: മൺറോത്തുരുത്ത് പഞ്ചായത്തിലെ വില്ലിമംഗലം അഞ്ചാം വാർഡ് സംവരണ വാർഡായതോടെ സ്ഥാനാർത്ഥികളായെത്തിയത് ഒരമ്മ പെറ്റ മക്കൾ!. മൺറോത്തുരുത്ത് കണ്ട്രാംകാണി പൊന്നാംവാതുക്കൽ കുഞ്ഞുകുഞ്ഞ് - കുഞ്ഞമ്മ ദമ്പതികളുടെ രണ്ടാമത്തെ മകൻ വിജയനും മൂന്നാമത്തെ മകൻ സുകുമാരനും തമ്മിലാണ് അങ്കം.
പഠനകാലം മുതലേ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലും സർവീസ് സംഘടനകളിലും പ്രവർത്തിച്ചിരുന്നവർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുഖാമുഖം ഏറ്റുമുട്ടാനിറങ്ങിയതോടെ ആർക്ക് വോട്ടു കൊടുക്കണമെന്ന ആശയക്കുഴപ്പത്തിലാണ് നാട്ടുകാരും. തിരഞ്ഞെടുപ്പിൽ എതിരാളികളാണെങ്കിലും സഹോദരന്മാർ വലിയ സൗഹൃദത്തിലാണ്.
ചവറ കെ.എം.എം.എൽ ജീവനക്കാരനായിരുന്ന മൺറോത്തുരുത്ത് കണ്ട്രാംകാണി ചിറയിൽ വീട്ടിൽ വിജയനാണ് സി.പി.എം സ്ഥാനാർത്ഥി. വർഷങ്ങളായി സി.പി.എമ്മിന്റെ കുത്തക സീറ്റായ വില്ലിമംഗലം തിരിച്ചുപിടിക്കാൻ കണ്ട്രാംകാണി ആര്യഭവനിൽ സുകുമാരനെ കോൺഗ്രസ് ചുമതലപ്പെടുത്തിയപ്പോൾ അനുജനെ പ്രതിരോധിക്കാൻ ചേട്ടൻ വിജയനെ തന്നെ സി.പി.എമ്മും കളത്തിലിറക്കുകയായിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി, കേരള മിനറൽസ് ആൻഡ് മെറ്റൽസ് മൈനിംഗ് വർക്കേഴ്‌സ് യൂണിയൻ സെക്രട്ടറി, മൺറോത്തുരുത്ത് സഹകരണ ബാങ്ക് പ്രസിഡന്റ്, കയർ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ വിജയൻ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് വിജയൻ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
കേരള വാട്ടർ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സ്റ്റേഷൻ മാസ്റ്ററായി വിരമിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി സുകുമാരൻ കോൺഗ്രസ് മണ്ഡലം സെക്രട്ടറികൂടിയാണ്. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം, സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെയും വാർഡിന്റെയും വികസനപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുകുമാരന്റെ പ്രചാരണം.