പുനലൂർ: അൻപുള്ള തമിഴ് മക്കളേ... കുളത്തൂപ്പുഴ തിങ്കൾകരിക്കം ബ്ലോക്കിൽ ഇടത് കച്ചി വേൾപ്പാളറായി പോർ കളത്തിൽ ഇറങ്കിറക്ക എൻ അൻപ് തോഴൻ ഇ.കെ.സുധീറിക്ക് അരിവാൾ നെൽക്കരി അടയാളത്തിൽ വോട്ടുപോക്റ് വെട്രി സെയ് വോൾ...
മലയാളക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തമിഴ് തോട്ടം തെഴിലാളികളുടെ വോട്ട് പെട്ടിയിലാക്കാനാണ് രാഷ്ട്രീയ കക്ഷികൾ തമിഴിൽ പ്രചാരണം കൊഴുപ്പിക്കുന്നത്. തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂർ പഞ്ചായത്തുകളിലെ ലയങ്ങളും ക്വാർട്ടേഴ്സുകളും കേന്ദ്രീകരിച്ചുള്ള പ്രചാരണം കേൾവിക്കാർക്കും കൗതുകമായി.
തെന്മല വാലി തോട്ടം മേഖലയായ അമ്പനാട്, പൂത്തോട്ടം, ചാലിയക്കര. ആർ.പി.എൽ മേഖലയായ കൂവക്കാട്, ആയിരനെല്ലൂർ, കുളത്തൂപ്പുഴ, തിങ്കൾ കരിക്കം തുടങ്ങിയ സ്ഥലങ്ങളിലാണ് തമിഴിലുള്ള പ്രചാരണം കത്തിക്കയറുന്നത്.
തമിഴിൽ അച്ചടിച്ച പോസ്റ്ററുകളും ചുവരെഴുത്തുകളും ഇതിനകം ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. പ്രദേശവാസികൾക്ക് പുറമെ തോട്ടം തൊഴിലാളികളായ തമിഴരും മത്സരരംഗത്ത് എത്തിയതോടെയാണ് തമിഴിലുള്ള പ്രചാരണം ഇരുമുന്നണികളും ആരംഭിച്ചത്. കൂടാതെ നവ മാദ്ധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിനും ചൂടേറി. വോട്ട് അഭ്യർത്ഥിച്ച് എത്തുന്ന സ്ഥാനാർത്ഥികളെ തമിഴ് സ്ത്രീ തൊഴിലാളികൾ ആരതി ഉഴിഞ്ഞാണ് വരവേൽക്കുന്നത്.