കൊല്ലം: കൊല്ലം ശങ്കേഴ്സ് ആശുപത്രി സ്ഥാപിതമായതിന്റെ കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആശുപത്രിയിലെ ചികിത്സാ ചെലവിൽ വൻ ഇളവുകൾ . ആശുപത്രി നടത്തിപ്പ് ചുമതലയുള്ള എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ ചെയർമാൻ വെള്ളാപ്പള്ളി നടേശനാണ് ഇളവുകൾ പ്രഖ്യാപിച്ചത്.
റൂം വാടകയിൽ 25 ശതമാനവും മരുന്ന് വിലയിൽ 15 ശതമാനവുമാണ് ഇളവ് ലഭിക്കുക. ഇളവിന് ബില്ലടയ്ക്കുന്ന സമയത്ത് ശാഖാ സെക്രട്ടറിയുടെയോ എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗത്തിന്റെയോ കത്ത് ഹാജരാക്കണം.
കനകജൂബിലി ആഘോഷത്തിന്റെ ഭാഗമായി ശങ്കേഴ്സ് ആശുപത്രിയിലെ ആർ. ശങ്കറിന്റെ സ്മൃതി കുടീരത്തിൽ എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷന്റെയും എസ്.എൻ.ഡി.പി യോഗം ശ്രീനാരായണ എംപ്ലോയീസ് ഫാറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പുഷ്പാർച്ചനയും സമൂഹ പ്രാർത്ഥനയും നടത്തി.സമുദായത്തിനും രാജ്യത്തിനും ആർ. ശങ്കർ ചെയ്ത മഹത്തായ സേവനങ്ങൾക്കുള്ള അംഗീകാരമായാണ് ശ്രീനാരായണ മെഡിക്കൽ മിഷൻ അതിന്റെ ആദ്യ സ്ഥാപനത്തെ ശങ്കർ ഷഷ്ഠിപൂർത്തി സ്മാരകമാക്കിയത്. അതിനെ എതിർക്കാൻ അന്നും ആളുണ്ടായിരുന്നു. അവരുടെ പിന്മമുറക്കാരാണ് ഇപ്പോൾ ശങ്കേഴ്സിനെ തകർക്കാൻ ശ്രമിക്കുന്നതെന്നും എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ പറഞ്ഞു.
പുഷ്പാർച്ചനയ്ക്ക് യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, മെഡിക്കൽ മിഷൻ സെക്രട്ടറി ഇൻ ചാർജ് എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് സോമരാജൻ, എംപ്ലോയീസ് ഫാറം കോ- ഓർഡിനേറ്റർ പി.വി. റജിമോൻ, കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ, കേന്ദ്ര സമിതി അംഗം ഡോ.എസ്. വിഷ്ണു, ഋഷി, മുണ്ടയ്ക്കൽ രാജേഷ് എന്നിവർ നേതൃത്വം നൽകി.