പുനലൂർ:വൈകല്യം മറന്ന് തിരഞ്ഞെടുപ്പ് മത്സരത്തിനൊരുങ്ങുകയാണ് 44കാരനായ ഗിരീഷ് കുമാർ.
തെന്മല പഞ്ചായത്തിലെ ചാലിയക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും എസ്.എൻ.ഡി.പിയോഗം ചാലിയക്കര 5662-ാം നമ്പർശാഖയുടെ പ്രസിഡന്റുമാണ് ജന്മനാ രണ്ട് കാലുകൾക്കും വൈകല്യമുള്ള ജി.ഗിരീഷ്കുമാർ. ചാലിയക്കര ശാഖയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സി.പി.എമ്മിലെ ആർ.ലൈലജയോടാണ് മത്സരിക്കുന്നത്. 2001ൽ സി.പി.എമ്മിയിലെ ഇബ്രഹീംകുട്ടിയെ ഗിരീഷ് പരാജയപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ തവണ നടന്ന തിരഞ്ഞെടുപ്പിൽ ലൈലജ ചാലിയക്കര വാർഡ് പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണ വാർഡ് തിരികെ പിടിക്കാനാണ് ഗിരീഷ് കുമാറിനെ യു.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്. മുചക്ര വഹനത്തിൽ സഞ്ചാരിച്ചാണ് ഗിരീഷ് വോട്ട് പിടുത്തവും പൊതു പ്രവർത്തനവും നടത്തി വരുന്നത്.ജാതി, മത, രാഷ്ട്രീയ ചിന്തകൾക്ക് അപ്പുറം ജനങ്ങളെ ചേർത്ത് പിടിക്കുന്നയാളാണ് ഗിരീഷെന്ന് നാട്ടുകാർ പറയുന്നു. തോട്ടം മേഖലയിലെ ജനങ്ങൾ 2001ൽ നടന്ന തിരഞ്ഞെടുപ്പിൽ നൽകിയ അംഗീകാരം വീണ്ടും ലഭിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് ഗിരീഷ്. ഗിരീഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ എൻ.കെ.പ്രേമചന്ദ്രൻ എം.പിയാണ് ഉദ്ഘാടനം ചെയ്തത്.