കൊല്ലം: മുൻ മന്ത്രി ടി.കെ. ദിവാകരൻ ജന്മശതാബ്‌ദി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ എ.എ. അസീസ്, വൈസ് ചെയർമാന്മാരായ എൻ.കെ. പ്രേമചന്ദ്രൻ എം.പി, ബാബു ദിവാകരൻ, ജനറൽ കൺവീനർ ഡി. സുരേഷ് ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയും ടി.കെ. ദിവാകരൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ടി.കെ. ദിവാകരൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധികളായ ദേവയാനി ദിവാകരൻ, മണി ബെൻ, ഡോ. സി.എൻ. വിജയൻ, ശാന്ത വിജയൻ, ഡി. സുരേഷ് ബാബു, അരുൺ ദിവാകരൻ എന്നിവർ ആഘോഷ കമ്മിറ്റി
അംഗങ്ങളാണ്.ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി ദേശീയ നേതാക്കൾ പങ്കെടുക്കുന്ന സെമിനാറുകൾ, അനുസ്മരണ പ്രഭാഷണ പരമ്പര, ഉപന്യാസം, പ്രസംഗ മത്സരങ്ങൾ, സാമൂഹിക സേവന പരിപാടികൾ, മെഡിക്കൽ ക്യാമ്പുകൾ, ഡോക്യുമെന്ററി നിർമ്മാണം, സുവനീർ പ്രകാശനം തുടങ്ങിയവ സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും ജന്മശതാബ്ദി സമ്മേളനങ്ങൾ നടത്തും. ആഘോഷങ്ങളുടെ ഉദ്‌ഘാടനം ഡിസംബർ 9 ന് കൊല്ലത്ത് നടക്കും.