sooranadu

കൊല്ലം: ആലപ്പുഴയോടും പത്തനംതിട്ടയോടും കൊല്ലത്തിന്റെ അതിര് പങ്കിടുന്ന ശൂരനാട് ഡിവിഷനിൽ ഇത്തവണ മുന്നണികളുടെ അമരത്ത് വനിതകളാണ്. സി.പി.എമ്മിന്റെ പി.ശ്യാമളഅമ്മ, കോൺഗ്രസിന്റെ അംബിക വിജയകുമാർ, ബി.ജെ.പിയുടെ സുമാദേവി എന്നിവരാണ് സ്ഥാനാർത്ഥികൾ.

ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി പഞ്ചായത്തുകളും മൈനാഗപ്പള്ളി, ശാസ്താംകോട്ട പഞ്ചായത്തുകളിലെ ഓരോ വാർഡുകളും ചേരുന്നതാണ് ശൂരനാട് ഡിവിഷൻ. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പോരുവഴി പടിഞ്ഞാറ് മേഖലാ കമ്മിറ്റിയംഗമാണ് പി. ശ്യാമളഅമ്മ. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് അംബിക വിജയകുമാർ കോൺഗ്രസ് വനിതാ നേതൃത്വത്തിലെ ശ്രദ്ധേയ മുഖമാണ്. മഹിളാ മോർച്ച സംസ്ഥാന കമ്മിറ്റിയംഗവും മുൻ ജില്ലാ പ്രസിഡന്റുമാണ് തൊഴിലുറപ്പ് തൊഴിലാളിയായ സുമാദേവി. ശൂരനാട്ട് വിജയ തുടർച്ച ലക്ഷ്യമിട്ടാണ് എൽ.ഡി.എഫ് പ്രചാരണം മുന്നേറുന്നത്. എല്ലാ വിഷയങ്ങളും ജനങ്ങൾക്ക് മുന്നിൽ ചർച്ചയാക്കുന്നതിലൂടെ വിജയം ഉറപ്പാക്കാനാകുമെന്നാണ് യു.ഡി.എഫ്, ബി.ജെ.പി നേതൃത്വങ്ങൾ പ്രതീക്ഷിക്കുന്നത്.

 2015 ലെ വോട്ട് നില

എം.ശിവശങ്കരപ്പിള്ള (സി.പി.എം): 25,072

വി.വേണുഗോപാലകുറുപ്പ് (കോൺഗ്രസ്): 18,087

എൻ.ജയചന്ദ്രൻ (ബി.ജെ.പി): 7,699