കൊല്ലം : ദേശീയപാതാ ബൈപ്പാസിൽ ടോൾ ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി കേന്ദ്രമന്ത്രി നിഥിൻ ഗഡ്കരി, മന്ത്രി ജി. സുധാകരൻ, ദേശീയപാതാ വികസന മന്ത്രാലയം സെക്രട്ടറി എന്നിവർക്ക് ഇ-മെയിലിലൂടെ നിവേദനം നൽകി. കൊല്ലം ബൈപ്പാസിന്റെ രണ്ടു വരിപ്പാത മാത്രമാണ് പൂർത്തിയാക്കിയിട്ടുള്ളത്. നാലുവരിപ്പാതയാക്കി വികസിപ്പിക്കാനുള്ള പദ്ധതി സ്റ്റാന്റ് എലോൺ പ്രോജക്ടായി കേന്ദ്ര സർക്കാർ ഏറ്റെടുത്തേക്കും. ഇതിനുള്ള നടപടി സ്വീകരിച്ചു വരുകയാണ്. ഭാഗികമായി പൂർത്തിയാക്കിയ ബൈപ്പാസിന്റെ രണ്ടുവരിക്ക് ടോൾ ഏർപ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിക്ഷേപം മാത്രം വിനിയോഗിച്ച് നിർമ്മിച്ച ബൈപ്പാസിൽ സ്വകാര്യപങ്കാളിത്തമോ നിക്ഷേപമോ ഇല്ലാത്തതിനാൽ ഈ ഘട്ടത്തിൽ ടോൾ പിരിക്കരുതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി നിവേദനത്തിൽ ആവശ്യപ്പെട്ടു.