കൊല്ലം: ഇരവിപുരം റെയിൽവേ സ്റ്റേഷൻ വളപ്പ് താവളമാക്കി കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നു. കൊവിഡിനെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ ആളനക്കമില്ലാത്തതാണ് കഞ്ചാവ് വില്പനക്കാർ മുതലെടുക്കുന്നത്.
സന്ധ്യ മയങ്ങുമ്പോൾ വിവിധ പ്രദേശങ്ങളിൽ നിന്ന് യുവാക്കൾ ബൈക്കുകളിൽ സ്ഥലത്തെത്തും. ചിലർ അപ്പോൾ തന്നെ കഞ്ചാവ് പൊതികൾ വാങ്ങി മടങ്ങും. ഒരു വിഭാഗം യുവാക്കൾ സ്ഥലത്തിരുന്ന് തന്നെ കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. രാത്രി സമയത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കൂടി സഞ്ചരിക്കാൻ പ്രദേശവാസികൾ ഭയക്കുകയാണ്. നേരത്തേ നിരന്തരം ട്രെയിനുകൾ നിറുത്തുന്നതിനാൽ സ്റ്റേഷനിൽ എപ്പോഴും ആളനക്കമുണ്ടായിരുന്നു. കൊവിഡ് കാരണം ട്രെയിൻ സർവീസ് മുടങ്ങിയത് മുതലാണ് പുറത്ത് നിന്നുള്ള സംഘങ്ങൾ ഇവിടെ തമ്പടിച്ച് തുടങ്ങിയത്. ഇപ്പോൾ റെയിൽവേ ജീവനക്കാർക്കുള്ള ഒരു ട്രെയിൻ മാത്രമാണ് ഇവിടെ നിറുത്തുന്നത്. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെയും പരിസരത്തെയും തെരുവ് വിളക്കുകളും പ്രകാശിക്കുന്നില്ല.
മദ്യപ സംഘങ്ങളും സജീവം
റെയിൽവേ സ്റ്റേഷന് സമീപമാണ് ബിവറേജസ് ഔട്ട്ലെറ്റ്. ഇവിടെ നിന്ന് മദ്യം വാങ്ങി റെയിൽവേ സ്റ്റേഷൻ വളപ്പിലെ ഇരുട്ട് മൂടിയ സ്ഥലത്തിരുന്ന് മദ്യപിക്കുന്ന സംഘങ്ങളും വർദ്ധിക്കുകയാണ്. രാത്രിയാകുമ്പോൾ ഇവർ തമ്മിലുള്ള അടിപിടിയും അസഭ്യവർഷവും പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. മദ്യക്കുപ്പികൾ പൊട്ടിച്ച് വീട്ടുമുറ്റങ്ങളിലേക്ക് വലിച്ചെറിയുന്നതും പതിവാണ്. പലതവണ പരാതി പറഞ്ഞിട്ടും പൊലീസ് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഡിമാന്റും വിലയും കുതിച്ചുയർന്നു
ആവശ്യക്കാരേറിയതോടെ വിലയ്ക്കൊപ്പം കഞ്ചാവിന്റെ ഡിമാന്റും കുതിച്ചുയർന്നു. എക്സൈസും പൊലീസും പരിശോധന വ്യാപകമാക്കിയിട്ടും ഇപ്പോഴും ചെറുകിട കഞ്ചാവ് വില്പനക്കാർ നഗരത്തിൽ സജീവമാണ്. കൊല്ലം നഗരത്തിൽ പോളയത്തോട്, പള്ളിമുക്ക്, ഇരവിപുരം, തട്ടാമല, ആശ്രാമം മൈതാനം, കരിക്കോട് എന്നിവിടങ്ങളിലും കഞ്ചാവ് വില്പന തകൃതിയായി നടക്കുന്നുണ്ട്.
പ്രധാന ഉപഭോക്താക്കൾ കൗമാരക്കാർ
കൗമാരക്കാരാണ് കഞ്ചാവിന്റെ പ്രധാന ഉപഭോക്താക്കൾ. സ്കൂൾ, കോളേജ്, പ്രൊഫഷണൽ വിദ്യാർത്ഥികളും യുവാക്കളുമാണ് ചില്ലറക്കച്ചവടക്കാരിൽ നിന്ന് വൻതോതിൽ കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നത്. മദ്യം പോലെ ഗന്ധം കൊണ്ട് ആളുകൾ തിരിച്ചറിയില്ലെന്നതാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്. കൊല്ലം നഗരവും പരിസര പ്രദേശങ്ങളും ബീച്ചുൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളുമാണ് കഞ്ചാവിന്റെ പ്രധാന കമ്പോളങ്ങൾ.
റെയിൽവേ സ്റ്റേഷൻ വളപ്പിൽ നേരത്തേ തന്നെ സാമൂഹ്യവിരുദ്ധ സംഘങ്ങൾ തമ്പടിക്കാറുണ്ട്. ട്രെയിൻ സർവീസ് നിലച്ചതോടെയാണ് സന്ധ്യാനേരത്ത് വരുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടിയത്. ഇടക്കാലത്ത് പൊലീസ് വന്നപ്പോൾ ബൈക്കുകൾ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെട്ടിരുന്നു. ഇപ്പോൾ വിളിച്ചാലും പൊലീസ് വരാറില്ല
ശക്തീധരൻ (പ്രദേശവാസി)