photo
: പുതിയകാവ് സർക്കാർ നെഞ്ചുരോഗാശുപത്രിയിലെ രോഗികൾക്കുള്ള പഥേയം ഭക്ഷണ പൊതികൾ എ.സി.പി ബി.ഗോപകുമാറിൽ നിന്നും ഡോ. ബിജു സത്യൻ ഏറ്റ് വാങ്ങുന്നു.

കരുനാഗപ്പള്ളി : പുതിയകാവ് സർക്കാർ നെഞ്ചുരോഗാശുപത്രിയിലെ രോഗികൾക്കുള്ള ഉച്ചഭക്ഷണ വിതരണം കരുനാഗപ്പള്ളി മേഖലയിലെ ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റുകൾ ഏറ്റെടുത്തു. ഓരോ ദിവസത്തേയും വിതരണ ചുമതല ഓരോ യൂണിറ്റുകൾക്കാണ്. എൻ.എസ്.എസ് വാളണ്ടിയർമാരുടെ വീടുകളിൽ തയ്യാറാക്കുന്ന ഭക്ഷണം പ്രോഗ്രാം ഓഫീസർമാരുടെ നേതൃത്വത്തിൽ ശേഖരിച്ച് കൊവിഡ് പ്രോട്ടോക്കോളും ഹരിത ചട്ടവും പാലിച്ച് ആശുപത്രിക്ക് കൈമാറും. കരുനാഗപ്പള്ളി ക്ലസ്റ്ററിൽ 16 യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. പാഥേയം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം എ.സി.പി ബി .ഗോപകുമാർ ഭക്ഷണ പൊതികൾ ഡോ.ബിജു സത്യന് കൈമാറിക്കൊണ്ട് നിർവഹിച്ചു. എൻ.എസ്.എസ് ക്ലസ്റ്റർ കൺവീനർ കെ. ജി. ശിവപ്രകാശ് പദ്ധതിക്ക് നേതൃത്വം നല്കി. ചടങ്ങിൽ വച്ച് കരുനാഗപ്പള്ളി ഗവ.ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കായി മാസ്ക്, സാനിറ്റൈസർ ,ഹാൻഡ് വാഷ് എന്നിവ കൈമാറി. ആശുപത്രിയിലേയ്ക്കാവശ്യമായ സോപ്പ്, ബ്രഷ്, പി. പി .ഇ കിറ്റ് എന്നിവ നഴ്സ് ഗിരിജ ഏറ്റുവാങ്ങി.ജോൺ എഫ് കെന്നഡി സ്‌കൂൾ മാനേജർ മായ ശ്രീകുമാർ, പ്രോഗ്രാം ഓഫീസർമാരായ ജിനൻ, ഗ്രേസ് സുരേഷ്, ഇർഷാദ് വാളണ്ടിയർമാരായ ഫാത്തിമ, അശ്വതി, നന്ദന, ആദിത്യ ലക്ഷ്മി എന്നിവർ പങ്കെടുത്തു