പാരിപ്പള്ളി: മാതാവ് മരിച്ചതിനെ തുടർന്ന് ജീവിതം വഴിമുട്ടിയ കുടുംബത്തിന് വില്ലേജ് ഒാഫീസറുടെ നേതൃത്വത്തിൽ സഹായം കൈമാറി. കല്ലുവാതുക്കൽ ചെന്തിപ്പിൽ കോളനിയിൽ വേളാംകുന്നിൽ ചരുവിളവീട്ടിൽ സുഗന്ധിയുടെ കുടുംബത്തിനാണ് സഹായം ലഭിച്ചത്. ഇവരുടെ മകളായ മിനി 2007ൽ മരണമടയുകയും തുടർന്ന് ഭർത്താവ് ഉപേക്ഷിച്ച് പോവുകയും ചെയ്തതോടെയാണ് മക്കളായ താരയും (7) മിഥുനും(3) ദുരിതത്തിലായത്. തുടർന്ന് സുഗന്ധിയുടെ സംരക്ഷണയിലാണ് കുട്ടികൾ കഴിഞ്ഞുവന്നത്. ഇവരുടെ ദയനീയാവസ്ഥ ശ്രദ്ധയിൽപെട്ട വില്ലേജ് ഒാഫീസർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ വീട്ടിലെത്തി ഭക്ഷണസാധനങ്ങളും തുണിയും സാമ്പത്തിക സഹായവും കൈമാറിയത്. ചടങ്ങിൽ വില്ലേജ് ഒാഫീസ് ജീവനക്കാരായ ഷിബു, ജയപ്രകാശ്, അഭിലാഷ്, പ്രസാദ്, സിബി, റുവൽസിംഗ്, മനുഎസ്. പിള്ള എന്നിവർ പങ്കെടുത്തു.