കരുനാഗപ്പള്ളി:കണ്ടെയ്‌നർ ലോറിയിടിച്ച് തലയ്ക്ക് പരിക്കേറ്റ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ കഴിയുന്ന കാട്ടാക്കട സ്വദേശി ബാദുഷയ്ക്ക് ജീവൻ തിരിച്ചുകിട്ടിയത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.
ആക്രി പെറുക്കി വിറ്റ് ഉപജീവനം നടത്തുന്ന ബാദുഷ ഇരുപത് വർഷമായി കരുനാഗപ്പള്ളിയിലെ കടത്തിണ്ണയിലാണ് അന്തിയുറങ്ങുന്നത്. ഇന്നലെ പുലർച്ചെ ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തുകൂടി വടക്കോട്ട് നടന്നുപോകുമ്പോഴാണ് അപ്പുറത്തെ വശത്തെ പാതയിലൂടെ വരുകയായിരുന്ന ലോറി ഡിവൈഡറും തകർത്ത് പടിഞ്ഞാറ് വശത്തേക്ക് പാഞ്ഞുവന്നത്. ലോറിയുടെ വലതുഭാഗം തട്ടിയാണ് തലയ്ക്ക് പരിക്കേറ്റത്. മറിഞ്ഞുവീണ ബാദുഷ ബോധരഹിതനായി. നാട്ടുകാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ബോധം തെളിഞ്ഞത്. അഞ്ച് തുന്നലുണ്ട്.