കൊട്ടാരക്കര: ഓർമ്മകളിൽ നിന്ന് സ്വന്തം വീടും നാടും മക്കളും മാഞ്ഞുപോയ രുഗ്മിണി രണ്ട് വർഷം മുൻപാണ് കലയപുരം ആശ്രയയുടെ തണലിലായത്. ആ തകർന്നടിഞ്ഞ മനസിൽ നിന്ന് പേരോ, മേൽവിലാസമോ ഒന്നും ആർക്കും കിട്ടിയില്ല.ഒടുവിൽ ആശ്രയയുടെ സ്നേഹക്കൂട്ടിൽ, അവിടുത്തെ പരിചരണങ്ങളിൽ രുഗ്മിണി സ്വന്തം ഓർമ്മകളെ തിരിച്ചുപിടിച്ചു.
ചിന്നിച്ചിതറിയ ഓർമ്മകൾ ചേർത്ത് വച്ചപ്പോൾ തെളിഞ്ഞത് ഒഡീഷയിലെ രാജാപൂർ എന്ന ഗ്രാമമായിരുന്നു.പേര്: രുഗ്മിണി ടുഡു എന്നാണെന്നും തിരിച്ചറിഞ്ഞു. അതോടെ അശ്രയയുടെ അധികൃതർ രുഗ്മിണിയുടെ കുടുംബക്കാരെ അന്വേഷിച്ചു കണ്ടെത്തി, വിവരമറിയിച്ചു.
നീണ്ട നാളത്തെ കാത്തിനിരിപ്പിനൊടുവിൽ രുഗ്മിണിയെ തേടി മക്കളെത്തി. സ്വന്തം നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ.
മനോനില തകർന്ന്
ഭർത്താവ് മരിച്ചതോടെ മനോനില തകർന്നുപോയ രുഗ്മണിയെ പെട്ടെന്ന് ഒരു ദിവസം വീട്ടിൽ നിന്നും കാണാതാകുകയായിരുന്നു. രണ്ടായിരത്തോളം കിലോമീറ്ററുകൾ താണ്ടി കേരളത്തിലാണ് രുഗ്മിണി എത്തിപ്പെട്ടത്.
നെടുവത്തൂർ ഭാഗത്ത് അലഞ്ഞ് നടന്ന രുഗ്മിണിയെ എഴുകോൺ പൊലീസ് സബ് ഇൻസ്പെക്ടർ ബാബു കുറുപ്പിന്റെ നേതൃത്വത്തിലാണ് കലയപുരം സങ്കേതത്തിലെത്തിച്ചത്. മനോരോഗ വിദഗ്ധരുടെ മികച്ച ചികിത്സയിൽ ഓർമ്മ തിരികെ കിട്ടിയ രുഗ്മിണി ഫെബ്രുവരിയിലാണ് ബന്ധുക്കളെ കണ്ടെത്തി ഫോണിലൂടെ പരസ്പരം സംസാരിച്ചത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ വന്നതോടെ രുഗ്മിണിയ്ക്ക് വീണ്ടും കാത്തിരിക്കേണ്ടി വന്നു. എട്ടുമാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് രുഗ്മിണി മൂത്തമകൻ കരൺ ടുഡുവിന്റെയും സുഹൃത്ത് നിലുപത്രയുടെയും ഒപ്പം മനസിൽ തെളിഞ്ഞ് നിൽക്കുന്ന സ്വന്തം വീടും നാടും മക്കളേയും കാണാൻ ഒഡീഷയ്ക്ക് വണ്ടി കയറി.