photo
അഞ്ചൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിർമ്മാണം ആരംഭിച്ച ശേഷം നിർത്തിവച്ച കാത്തിരുപ്പ് കേന്ദ്രം.

77.75 ലക്ഷം രൂപ അനുവദിച്ചു

അഞ്ചൽ: മാർക്കറ്റ് ജംഗ്ഷനിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കാത്തിരിപ്പ് കേന്ദ്രത്തിന്റെ പുനർ നിർമ്മാണം നിലച്ചിട്ട് നാളേറെയായി. നിലവിലുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് മാറ്റിയ ശേഷം പുനർനിർമ്മിക്കുന്നതിനായി സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റിന് കരാർ നൽകിയിയെങ്കിലും നിർമ്മാണം ഇപ്പോഴും തുടങ്ങിയിടത്തുതന്നെ നിൽക്കുന്നു. കാത്തിരിപ്പ് കേന്ദ്രവും മുകൾനിലയിൽ കോൺഫറൻസ് ഹാളും നിർമ്മിക്കുന്നതിനാണ് കരാർ നൽകിയത്. ഇതിനായി എം.എൽ.എ. ഫണ്ടിൽ നിന്നും 77.75 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു.

സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുന്ന ബസ് സ്റ്റാൻഡ്

കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണം തുടങ്ങിയെങ്കിലും താഴത്തെ നിലയിൽ കുറച്ച് പണികൾ ചെയ്തശേഷം നിർമ്മാണം നിറുത്തിവയ്ക്കുകയായിരുന്നു. സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുന്ന ബസ് സ്റ്റാൻഡിൽ നിലവിലുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് ബഹുനിലകെട്ടിടം പണിയുന്നതിനെതിരെ ആദ്യം തന്നെ ചില ഗ്രാമപഞ്ചായത്ത് അംഗങ്ങളും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്റ്റാൻഡിൽ വരുന്ന വാഹനങ്ങൾ തിരിക്കാൻ പോലും ഇടമില്ലാത്തിടത്ത് ബഹുനിലം കെട്ടിടം പണിയുന്നത്. അപകടങ്ങൾ വാർദ്ധിപ്പിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ഈ ബസ് സ്റ്റാൻഡിലെ സ്ഥലപരിമിതി മൂലം അപകടങ്ങളും അപകടമരണങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് മുൻകൈയ്യെടുത്ത് നിർമ്മിച്ച മുലയൂട്ടൽ കേന്ദ്രവും ഓപ്പൺ ഓഡിറ്റോറിയവും ഈ ബസ് സ്റ്റാൻഡിൽ തന്നെയാണ്. ബുധൻ, ശനി ദിവസങ്ങളിൽ നടക്കുന്ന അഞ്ചൽ ചന്തയോടനുബന്ധിച്ച് കച്ചവടക്കാരും ഇവിടെ സ്ഥലം കൈയ്യടക്കാറുണ്ട്. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്നിലെ റോഡിലൂടെ പോലും സുരക്ഷിതമായി കടന്ന് പോകാൻ കഴിയാത്ത സ്ഥിതിയാണ്.

മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രൈവറ്റ ബസ് സ്റ്റാൻഡിൽ കാത്തിരിപ്പ് കേന്ദ്രം ഉൾപ്പടെയുള്ള ബഹുനില കേന്ദ്രം പണിയുന്നത്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു.

വലിയവിള വേണു,

കോൺഗ്രസ് നേതാവ്